e-challan

ആലുവ: വാഹന പരിശോധനകൾ സുഗമമാക്കുന്നതിനും പിഴ അടയ്ക്കുന്നതിനും റൂറൽ പൊലീസ് ജില്ലയിൽ ഇ-ചലാൻ സംവിധാനം നടപ്പിലാക്കാനൊരുങ്ങുന്നു. പിഴ അടക്കേണ്ടി വന്നാൽ വാഹന ഉടമയ്ക്കും ഡ്രൈവർക്കും പരിശോധനാ സ്ഥലത്ത് വച്ച് തന്നെ ക്രഡിറ്റ്/ഡബിറ്റ് കാർഡുകൾ വഴിയോ, നേരിട്ടോ, ഒൺലൈൻ പേയ്‌മെന്റ് വഴിയോ പണം അടക്കാമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

പൊലീസുദ്യോഗസ്ഥർക്ക് തത്സമയം വാഹനങ്ങളുടെ വിവര ശേഖരണം നടത്തുവാനും സാധിക്കും. നാഷണൽ ഇ-ഗവേൺസ് പദ്ധതിയുടെ ഭാഗമായി എൻ.ഐ.സി രൂപകല്പന ചെയ്തതാണ് ഇ-ചലാൻ പ്രൊജക്ട്. ട്രഷറി ഡിപ്പാർട്ട്‌മെന്റ്, ഫെഡറൽ ബാങ്ക്, പൈൻ ലാബ്‌സ് എന്നിവയുടെയും സഹകരണത്തോടെയാണ് പദ്ധതി. പരിശീലന പരിപാടി ജില്ലാ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചു. അഞ്ച് സബ്ഡിവിഷനുകളിലെ ഉദ്യോഗസ്ഥർക്കും ബാച്ചുകളായി പരിശീലനം നൽകും. പരിശീലനത്തിനു ശേഷമാണ് പദ്ധതി നടപ്പിലാക്കുക.