കൊച്ചി: ദേശീയ അഗ്നിശമനസേന വാരാചരണത്തോടനുബന്ധിച്ച് നാഷണൽ സേഫ്ടി കൗൺസിൽ കേരള ഘടകത്തിന്റെ ഒരാഴ്ചത്തെ ബോധവത്കരണ പരിപാടികൾക്ക് വിഷുദിനത്തിൽ തുടക്കമായി.രാസവ്യവസായങ്ങളിലെ സുരക്ഷ, മോട്ടോർ വാഹനങ്ങളിലെ അഗ്നിബാധയുടെ കാരണങ്ങൾ, നിത്യജീവിതത്തിൽ പാലിക്കേണ്ട സുരക്ഷാരീതികൾ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, അടിയന്തര ഘട്ടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് വിദഗ്‌ദ്ധരുടെ ഓൺലൈൻ ക്ലാസുകളും വ്യാവസായിക യൂണിറ്റുകളിലെ ഏറ്റവും മികച്ച അഗ്നിസുരക്ഷാ സേനാംഗം, ഏറ്റവും മികച്ച അഗ്നിരക്ഷാരീതി എന്നിവ കണ്ടെത്തുന്നതിന് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികൾ 20ന് സമാപിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മോട്ടോർ വാഹനങ്ങളിലെ അഗ്നിബാധയുടെ കാരണങ്ങൾ സംബന്ധിച്ച് റിട്ട. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ജെ. തങ്കച്ചൻ ക്ലാസ് എടുക്കും.നാളെ രാവിലെ 10ന് നിത്യജീവിതത്തിൽ പാലിക്കേണ്ട സുരക്ഷാരീതികളെക്കുറിച്ചും ഉച്ചകഴിഞ്ഞ് 3ന് ആശുപത്രികളിലെ അഗ്നിസുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ക്ലാസ് ഉണ്ടാകും. വെബിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ ലിങ്ക് ലഭിക്കുന്നതിന്: 9895082818 എന്ന നമ്പരിൽ വിളിക്കാം.
ഏപ്രിൽ 14 അഗ്നിശമനസേന ദിനം
ആരോ ഒരാൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്രിയിൽ നിന്ന് കത്തിപ്പടർന്ന മഹാദുരന്തത്തിന്റെ ഓർമ പുതുക്കലും ബോധവത്കരണവുമാണ് ദേശീയ അഗ്നിശമനസേന ദിനം.
1944 ഏപ്രിൽ 14 ഉച്ചക്ക് 12.45 ന് മുംബായ് തുറമുഖത്ത് നങ്കൂരമിട്ടുകിടന്ന 'എസ്.എസ്.ഫോർട്ട് സ്റ്റിക്കിനേ' എന്ന കപ്പലിൽ വൻ സ്‌ഫോടനത്തോടുകൂടിയ തീപിടുത്തമുണ്ടായി. സ്‌ഫോടകവസ്തുക്കൾ കയറ്റിയ കപ്പലിലെ ദുരന്തത്തിൽ ഒട്ടേറെ ജീവനക്കാർ കൊല്ലപ്പെട്ടു. കോടികണക്കിനു രൂപയുടെ വസ്തുവകകളും കത്തി നശിച്ചു. സ്‌ഫോടകവസ്തുക്കളാണ് കപ്പലിൽ സംഭരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയിട്ടും അഗ്‌നിശമനസേന പല വിഭാഗങ്ങളിലായി തിരിഞ്ഞ് കർത്തവ്യനിർവഹണത്തിൽ ഏർപ്പെട്ടു. രക്ഷാപ്രവർത്തനത്തിനിടെ 59 സേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെടുകയും നിരവധിപേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഈ സംഭവം അനുസ്മരിച്ചുകൊണ്ടും മൺമറഞ്ഞ ധീരരായ അഗ്‌നിശമന സേനാംഗങ്ങളെ ആദരിച്ചു കൊണ്ടുമാണ് എല്ലാവർഷവും ഏപ്രിൽ 14 രാജ്യമൊട്ടുക്കും അഗ്‌നിശമനസേനാ ദിനമായി ആചരിക്കുന്നത്.അലക്ഷ്യമായി വലിച്ചെറിഞ്ഞ കത്തുന്ന ഒരു സിഗററ്റ്കുറ്റിയാണ് കപ്പലിലെ ഈ തീപിടുത്തത്തിന് കാരണമായതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.