box

ത്യക്കാക്കര: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റിൽ വെള്ളിയാഴ്ച മുതൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് ജീവനക്കാർക്ക് മാത്രമായിരിക്കും കളക്ടറേറ്റിനകത്ത് പ്രവേശനം നൽകുക. അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്നവർക്ക് ഉപാധികളോടെ പ്രത്യേക അനുമതി വാങ്ങി അകത്തേക്ക് പ്രവേശിക്കാം. പൊതുജനങ്ങൾ കഴിവതും ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു.

ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന നിർദ്ദേശവുമുണ്ട്. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് പ്രവേശനം നൽകില്ല. പ്രധാന മീറ്റിംഗുകളിൽ പങ്കെടുക്കാനെത്തുന്ന കളക്ടറേറ്റിനു പുറത്തുള്ള ഉദ്യോഗസ്ഥർ അത് തെളിയിക്കുന്നതിനുള്ള രേഖ കൈവശം സൂക്ഷിക്കണം. ഇത് കാണിച്ച് വേണം പ്രവേശിക്കാൻ. കളക്ടറേറ്റിനകത്തും കോമ്പൗണ്ടിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കുന്നതും വിലക്കി.

പരാതികളും സന്ദേശങ്ങളും ഇനി ബോക്സിൽ

വകുപ്പുകളിലേക്കുള്ള പരാതികളും സന്ദേശങ്ങളും സ്വീകരിക്കുന്നതിനായി പ്രധാന കവാടത്തിൽ ബോക്സുകൾ സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് ഈ ബോക്സുകളിൽ സന്ദേശങ്ങൾ പേപ്പറുകളിൽ എഴുതി നിക്ഷേപിക്കാം. ഓഫീസുകളിൽ നേരിട്ട് കയറാൻ ആരെയും അനുവദിക്കില്ല. ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കണമെങ്കിൽ സെക്യൂരിറ്റിയെ നേരത്തെ അറിയിക്കണം. ഇവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ച് ഉദ്യോഗസ്ഥനെ എത്തിക്കും. കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലൂടെ മാത്രമായിരിക്കും പ്രവേശനം നൽകുക.