കൊച്ചി: പൊക്കാളിപ്പാടങ്ങളിൽ ജൂണിൽ നെൽക്കൃഷി തുടങ്ങേണ്ടതിനാൽ ഇൗ പാടശേഖരങ്ങളിലെ ഒാരുവെള്ളം നീക്കണമെന്നും ഇൗ നിലങ്ങളിലെ ബണ്ട് നവംബർ 15ന് ശേഷമേ തുറക്കുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ചെല്ലാനം മറുവക്കാട് സ്വദേശി ചന്തു നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

മറുവക്കാട് മേഖലയിൽ ഹർജിക്കാരന് 2.26 ഏക്കർ പൊക്കാളിപ്പാടമുണ്ട്. ഇതിനോടുചേർന്ന് മറുവക്കാട് പാടശേഖര യൂണിയന് 435 ഏക്കർ പാടമുണ്ടെങ്കിലും ഇതിൽ 260 ഏക്കർ മാത്രമാണ് കൃഷിക്ക് ഉപയോഗിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. ഇതിൽത്തന്നെ നാലേക്കറിൽ മാത്രമാണ് നെൽക്കൃഷി. ബാക്കി ചെമ്മീൻകൃഷിക്കാണ് ഉപയോഗിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. സംസ്ഥാനത്തെ ധാന്യവിള കലണ്ടർ പ്രകാരം പൊക്കാളി പാടങ്ങളിൽ ഏപ്രിൽ 15മുതൽ നവംബർ 15വരെ നെൽക്കൃഷിയും ശേഷിക്കുന്ന സമയത്ത് ഒരുതവണ മത്സ്യക്കൃഷിയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ മറുവക്കാട് പാടശേഖര യൂണിയൻ ഇതുപാലിക്കാതെ ബണ്ട് തുറന്നുവിട്ടെന്നും ചെമ്മീൻ കൃഷിക്കായി കരാർ നൽകിയെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തുടർന്നാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്.