പറവൂർ: നഗരമദ്ധ്യത്തിലെ നമ്പൂരിയച്ചൻ ആൽക്ഷേത്രത്തിൽ കടപുഴകിയ ആൽമരത്തിനു പകരം പുതിയ തെെ നട്ടു. തന്ത്രി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ വിഷുദിനത്തിൽ രാവിലെയാണ് തെെ നട്ടത്. ഭൂമി സ്പർശിക്കാതെ വളർന്ന ആൽമരമാണ് തിരഞ്ഞെടുത്തത്. നാമകരണം, ഉപനയനം തുടങ്ങിയ ഷോഡശ ക്രിയകൾ പിന്നീട് നടക്കും. കഴിഞ്ഞ മൂന്നിനാണ് വർഷങ്ങൾ പ്രായമുള്ള ആൽമരം കടപുഴകി വീണത്. അടുത്ത ദിവസം ആചാരപ്രകാരം ആൽമരത്തിന്റെ പ്രധാനഭാഗങ്ങൾ ക്ഷേത്രത്തിനോട് ചേർന്നുള്ള സ്ഥലത്ത് ദഹിപ്പിച്ചു. പഴയ ആൽമരം നിന്ന ഭാഗത്താണ് പുതിയ മരം നട്ടത്. നമ്പൂരിയച്ചൻ ആൽക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് എം.സി. സനൽകുമാർ, സെക്രട്ടറി വി.എൻ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.