pcc

കൊച്ചി: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന പി.സി.ജോർജിന്റെ പ്രസ്താവനയ്ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപം. പുതിയ ലക്കം എഡിറ്റോറിയലിൽ പി.സി.ജോർജിന്റെ പേരുപറയാതെയാണ് വിമർശനം.

"മതേതരത്വത്തെ ഇനി മുതൽ പിന്തുണയ്‌ക്കേണ്ടതില്ലെന്ന മട്ടിൽ ചില തീവ്രചിന്തകൾ ക്രൈസ്തവർക്കിടയിൽപ്പോലും ഉയരുകയാണ്. ഇന്ത്യയെ മുസ്ലിം രാഷ്ട്രമാക്കാൻ ശ്രമിക്കുകയാണെന്നും അതുകൊണ്ട് ഉടൻ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും പരസ്യമായി ഒരു നേതാവ് പറയത്തക്കവിധം ഈ വിഷവ്യാപനത്തിന്റെ വേരോട്ടം വ്യക്തമായി. ന്യൂനപക്ഷാവകാശ പോരാട്ടത്തിന്റെ പേരിൽ അപര വിദ്വേഷ പ്രചാരണം ന്യായീകരിക്കാനാവില്ല. കണക്ക് ചോദിക്കുന്നത് കണക്കു തീർക്കാനാകരുത്," പത്രാധിപക്കുറിപ്പിൽ പറയുന്നു.

മതത്തിന്റെ പേരിൽ പരസ്യമായി വോട്ട് പിടിക്കുവോളം മതബോധം ജനാധിപത്യ കേരളത്തെ നിർവികാരമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യപ്പനു വേണ്ടി ചെയ്തതും ചെയ്യാതിരുന്നതുമെന്ന മട്ടിൽ രണ്ട് തട്ടിലായി പാർട്ടികളുടെ പ്രചാരണ പ്രവർത്തന നയരേഖയെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികൾ ലോകപ്രശസ്തമായ റാസ്പുട്ടിൻ ഗാനത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്തതിനെതിരെ 'ഡാൻസ് ജിഹാദ്' ആരോപണവുമായി ഒരു കൂട്ടർ രംഗത്തുവന്നതിനെയും പത്രം വിമർശിച്ചിട്ടുണ്ട്.