മൂവാറ്റുപുഴ: മൂവാറ്റുപുഴ പട്ടണത്തിൽനിന്ന് എട്ടുകിലോമീറ്റർ മാറി മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ മീങ്കുന്നം സെന്റ് ജോസഫ് പള്ളിയുടെ പ്രധാന കവാടത്തിലെ 'പിയാത്ത' ശില്പം ഇന്നും കൗതുകമാകുന്നു. മൂവാറ്റുപുഴയിലെ ഗാനമേളട്രൂപ്പിന്റെ സ്ഥാപകനായ ഫാദർ കുര്യാക്കോസ് കച്ചിറമറ്റം റോം സന്ദർശിച്ചപ്പോൾ അവിടെ കണ്ട പിയാത്ത ശില്പം മീങ്കുന്നത്ത് നിർമ്മിക്കുകയായിരുന്നു. പ്രശസ്ത ശില്പി അപ്പുക്കുട്ടന്റെ കരവിരുതിൽ 1988ലാണ് പിയാത്ത ശില്പം മീൻകുന്നത്ത് പണിതത്. കോൺക്രീറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. വത്തിക്കാനിലെ യഥാർത്ഥ ശില്പത്തേക്കാൾ നാലിരട്ടി വലിപ്പത്തിലാണ് ഈ ശില്പം നിർമ്മിച്ചിട്ടുള്ളത്.( 23.5 അടി ഉയരം).
മൈക്കൽ ആഞ്ചലോയുടെ പിയാത്ത
വിശ്വവിഖ്യാതനായ ഇറ്റാലിയൻ ശില്പിയും ചിത്രകാരനുമായ മൈക്കൽ ആഞ്ചലോ ഇരുപത്തിനാലാം വയസിൽ രൂപം കൊടുത്ത മനോഹരമായ ശില്പമാണ് 'പിയാത്ത'.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് ഈ ശില്പമുള്ളത്. മാതാവായ കന്യാമറിയത്തിന്റെ മടിയിൽ കിടക്കുന്ന യേശുദേവന്റെ തിരുശരീരമാണ് ഇതിവൃത്തം. വത്തിക്കാനിലെ പിയാത്ത ശില്പം വെണ്ണക്കല്ലിൽ തീർത്തതാണ്.