dist-hospital
ആലുവ ജില്ലാ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്ന കൊവിഡ് ബ്ലോക്കിൽ അൻവർ സാദത്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ

ആലുവ: ആശങ്ക പരത്തി കൊവിഡ് വ്യാപിക്കുന്നതിനിടെ ആലുവ ജില്ലാ ആശുപത്രിയിലെ ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനസജ്ജമാക്കി. ക്രമീകരണങ്ങൾ പരിശോധിക്കുന്നതിനായി കൊവിഡ് ബ്ലോക്ക് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിച്ചു.

ജില്ലാ ദുരന്തനിവാരണ വിഭാഗം, ദേശീയ ആരോഗ്യദൗത്യം, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി രണ്ടുകോടിയോളം രൂപ മുടക്കിയാണ് കൊവിഡ് ബ്ലോക്കിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലി ചെയ്തതും വെന്റിലേറ്റർ അടക്കമുള്ള ഉപകരണങ്ങൾ ഒരുക്കിയതും. 100 ഐ.സി.യു ബെഡ് സൗകര്യമുണ്ട്. വെൻറിലേറ്ററും അനുബന്ധ സൗകര്യങ്ങളും താഴത്തെനിലയിൽ ഉണ്ട്. കൊവിഡ് രോഗികൾക്കായുളള മേജർ, മൈനർ ഓപ്പറേഷൻ തിയേറ്ററുകളും ലേബർ റൂമും ഒന്നാം നിലയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൺ ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, അംഗങ്ങളായ മനോജ് മൂത്തേടൻ, ഷാരോൺ പനയ്ക്കൽ, അനിമോൾ ബേബി, കെ.വി. രവീന്ദ്രൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ തോപ്പിൽ അബു, ഡൊമിനിക്ക് കാവുങ്കൽ, പി.എ. താഹിർ എന്നിവരാണ് സന്ദർശനം നടത്തിയത്.
ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാൻസിസ്, എക്‌സിക്യുട്ടീവ് എൻജിനിയർ ടി.എൻ. മിനി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രവർത്തനം തുടങ്ങിയതിന് ശേഷമുള്ള തുടർചെലവുകൾ ജില്ലാ പഞ്ചായത്ത് വഹിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.