sivakumar
തൃശൂർപൂരത്തിന് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി വടക്കുംനാഥന്റെ തെക്കേഗോപുരനട തുറക്കാൻ നിയുക്തനായ ഗജസാമ്രാട്ട് എറണാകുളം ശിവകുമാറിന് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നൽകിയ സ്വീകരണം

കൊച്ചി: തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളിച്ച് വടക്കുംനാഥന്റെ തെക്കേനട തുറക്കാൻ ഇക്കുറി നിയോഗം 'ഗജസമ്രാട്ട്' എറണാകുളം ശിവകുമാറിന്. കൊച്ചിൻ ദേവസ്വം ബോ‌ർഡിന്റെ ആനയാണ് ശിവകുമാർ.

വർഷങ്ങളായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനായിരുന്നു. ഇത്തവണ രാമചന്ദ്രന് അനാരോഗ്യം കാരണം വിലക്കുള്ളതിനാലാണ് പകരക്കാരനായി ശിവകുമാർ നിയുക്തനായത്. മുൻവർഷങ്ങളിൽ തൃശൂർ പൂരത്തിന്റെ ഭാഗമായ രാത്രി എഴുന്നള്ളിപ്പുകളിൽ തിടമ്പേറ്റിയ പാരമ്പര്യം ശിവകുമാറിനുണ്ട്. അതിനുപുറമെ ആറാട്ടുപുഴ പൂരവും പെരുവനം പൂരവുമൊക്കെ നിലവിൽ ശിവകുമാറിന്റെ കുത്തകയുമാണ്.

ശിവകുമാർ കൊച്ചിൻ ദേവസ്വം ബോർഡിന് സ്വന്തമാണെങ്കിലും ജാതകത്തിൽ തൃശൂരുമായൊരു ആത്മബന്ധം ഒളിഞ്ഞുകിടക്കുന്നുവെന്നതും ഈ ചരിത്രനിയോഗത്തിന് കാരണമായിരിക്കാം. അരനൂറ്റാണ്ടുമുമ്പ് എറണാകുളം സ്വദേശിയായ പ്രമുഖ അബ്കാരി കോൺട്രാക്ടർ കെ.ജി. ഭാസ്കരൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടയ്ക്കിരുത്താൻ കൊണ്ടുവന്ന കുട്ടിക്കൊമ്പനാണ് ശിവകുമാർ. അന്ന് അവന് പ്രായം മൂന്നു വയസ്. സാങ്കേതിക കാരണങ്ങളാൽ തൃശൂർ യാത്രയ്‌ക്ക് തടസം നേരിട്ടപ്പോൾ എറണാകുളത്തപ്പൻ ക്ഷേത്രപരിസരത്ത് തളച്ച കുട്ടിക്കൊമ്പൻ ചുരുങ്ങിയകാലം കൊണ്ട് നാട്ടുകാരുടെ ഓമനയായി. അങ്ങനെ ഒന്നരവർഷത്തോളം കടന്നുപോയി. അതിനുശേഷം ഗുരുവായൂർ നടയ്ക്കിരുത്തൽ നടപടി പൂർത്തിയാക്കാൻ കെ.ജി. ഭാസ്കരൻ വീണ്ടുമെത്തിയെങ്കിലും കൂടെപ്പോകാൻ ശിവകുമാർ തയ്യാറായില്ല. സ്കൂളിൽ പോകാൻ മടിക്കുന്ന എൽ.കെ.ജിക്കാരനെപ്പോലെ അവൻ ശാഠ്യംപിടിച്ച് പിൻവാങ്ങി. പന്തികേട് തോന്നിയ ക്ഷേത്രഭരണസമിതി ദേവപ്രശ്നം വച്ചപ്പോൾ കുട്ടിക്കൊമ്പനെ എറണാകുളത്തപ്പന് വേണമെന്ന് കണ്ടു. അങ്ങനെയാണ് ശിവകുമാർ കൊച്ചിൻ ദേവസ്വം ബോർഡിന്റെ സ്വന്തമായത്.

ഇന്നലെ രാവിലെ തൃശൂർക്ക് പുറപ്പെട്ട ശിവകുമാറിന് എറണാകുളം ശിവക്ഷേത്ര ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വൻ യാത്ര അയപ്പാണ് നൽകിയത്. ക്ഷേത്രത്തിൽ രാവിലത്തെ ശീവേലിക്ക് എറണാകുളത്തപ്പന്റെ തിടമ്പേറ്റി പ്രദിക്ഷണവും നടത്തിയശേഷമായിരുന്നു യാത്ര. ചടങ്ങുകൾക്ക് ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ.ബാലഗോപാൽ, വൈസ് പ്രസിഡന്റ് ഐ.എൻ രഘു ,ജോയിന്റ് സെക്രട്ടറി കൃഷ്ണമണി എന്നിവർ നേതൃത്വം നൽകി.