കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പത്താംക്ലാസ് സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സ്വാഗതംചെയ്തു. പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് ഗ്രേഡിംഗ് നൽകുന്നതിലെ ആശങ്ക പരിഹരിക്കുമെന്ന് ബോർഡ് ഉന്നതാധികാരികൾ അറിയിച്ചതായി കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ പറഞ്ഞു.
പൊതുവായി ഗ്രേഡുകൾ നൽകുമ്പോൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടുന്നവരോട് അനീതിയാകുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. ഇതുസംബന്ധിച്ച് ബോർഡിൽനിന്ന് വ്യക്തമായ മാനദണ്ഡങ്ങളും നിർദേശവും രണ്ടു ദിവസത്തിനകം സ്‌കൂളുകൾക്ക് ലഭിക്കുമെന്നാണ് ബോർഡ് ഉന്നതർ അറിയിച്ചത്. ലഭിക്കുന്ന ഗ്രേഡിൽ തൃപ്തരല്ലാത്തവർക്കായി പ്രത്യേകപരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്.

പരീക്ഷ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കാൻ സി.ബി.എസ്.ഇ വകുപ്പ് അധികാരികളെ ഉൾപ്പെടുത്തി നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഓൺലൈനായി ക്ലാസുകൾ അടിയന്തരമായി സംഘടിപ്പിക്കുവാനും തീരുമാനിച്ചതായി ഡോ. ഇന്ദിര രാജൻ പറഞ്ഞു.