തൃക്കാക്കര: ഹോളോബ്രിക്ക് കയറ്റിവന്ന ടിപ്പർ ലോറി കാക്കനാട് അയ്യനാട് പാലത്തിന് സമീപം മറിഞ്ഞ് ഡ്രൈവർ കാക്കനാട് സ്വദേശി മമ്മുഞ്ഞിന് (58) നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഇടറോഡിലൂടെ അമിത വേഗത്തിൽ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ലോറി ട്രാഫിക് മീഡിയനിൽ ഇടിച്ചുമറിയുകയായിരുന്നു. അപകടത്തിൽ വഴിവിളക്കിനായി സ്ഥാപിച്ച പോസ്റ്റ് ഒടിഞ്ഞുവീണ് പാലാരിവട്ടത്ത് നിന്ന് കാക്കനാട്ടേക്ക് വരികയായിരുന്ന മറ്റൊരു സ്‌കൂട്ടർ യാത്രികൻ കാക്കനാട് കൊല്ലംകുടിമുഗൾ സ്വദേശി പി.കെ മധുവിന് (55) പരിക്കേറ്റു. കെെ ഒടിഞ്ഞ ഇയാളെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട് സിവിൽ ലൈൻ റോഡിൽ വാഹന ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. അസി.സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാർ, ആനന്ദകുമാർ, മഹേഷ്, അജേഷ് എന്നിവരുടെ നേതൃത്വത്തിൽ തൃക്കാക്കര ഫയർഫോഴ്‌സ് മണിക്കൂറുകൾ പരിശ്രമിച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.