കൂത്താട്ടുകുളം: കർഷകരെ സഹായിക്കുന്നതിനും പച്ചക്കറികൾക്ക് ന്യായവില ഉറപ്പാക്കുന്നതിനുമായി 'പച്ചക്കറി സംഭരണശാലമന്ദിരത്തിന് കാക്കൂർ സർവീസ് സഹകരണ ബാങ്ക് ഒലിയപ്പുറത്ത് തുടക്കം കുറിച്ചു. 49.5 ലക്ഷം രൂപ ചെലവിൽ സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നിർമ്മിക്കുന്ന സംഭരണശാലയോടനുബന്ധിച്ച് ലേല ഹാളും, കർഷകർക്ക് വിശ്രമമുറിയും, കാർഷിക ലൈബ്രറിയും ഉണ്ടാകും. ബാങ്ക് ഡയറക്ടർ എം.എം.ജോർജിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ പച്ചക്കറി സംഭരണശാലക്ക് തറക്കല്ലിട്ടു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ. കെ. രാജ് കുമാർ, സി.വി. ജോയി, ബ്ലോക്ക് പഞ്ചായത്തംഗം സി .ടി .ശശി, ബാങ്ക് ഡയറക്ടർമാരായ റ്റി.സി.തങ്കച്ചൻ, ബിനോയ് അഗസ്റ്റിൻ, വർഗീസ് മാണി, പി.പി. സാജു, സ്മിത വിശ്വംഭരൻ, സെക്രട്ടറി ഇൻ ചാർജ് ശ്രീദേവി അന്തർജനം തുടങ്ങിയവർ പങ്കെടുത്തു. പച്ചക്കറിസം സ്കരണ ശാല നിർമ്മാണത്തിനായി 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി ലഭിച്ചിട്ടുണ്ടന്നും, പഴവും-പച്ചക്കറി യും സംസ്കരിച്ച് മൂല്യവർധിത ഉത്പന്നങൾ വിപണിയിൽ ഇറക്കുന്നതിനായി പ്ലാന്റ് നിർമ്മിക്കുന്നതിനായി തിരുമാറാടിയിൽ 70 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. നിർദ്ദിഷ്ഠ പദ്ധതി ധനസഹായത്തിനായി നബാർഡിന് സമർപ്പിച്ചിട്ടുള്ളതായും ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ അറിയിച്ചു.