picture
കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ കൃഷി സ്ഥലം സന്ദർശിക്കുന്നു

കോതമംഗലം: കനത്ത കാറ്റിലും മഴയിലും വ്യാപകമായി കൃഷി നാശം സംഭവിച്ച കോതമംഗലം മുനിസിപ്പാലിറ്റി, പിണ്ടിമന, കീരംപാറ, കവളങ്ങാട് എന്നീ സ്ഥലങ്ങൾ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധുവിന്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ ബോസ് മത്തായി, അസിസ്റ്റന്റ് കൃഷി ഓഫീസർ എൽദോസ് പി, കൃഷി അസിസ്റ്റന്റുമാരായ ഇ.പി സാജു, ബേസിൽ വി. ജോൺ എന്നിവർ സന്ദർശിച്ചു.
മുന്നോറോളം കർഷകർക്കായി 1.25 കോടി രൂപയുടെ നഷ്ടം വിലയിരുത്തി. 26000 നേന്ത്രവാഴകൾ, 200 ജാതി മരങ്ങൾ 1500 റബ്ബർ മരങ്ങൾ, 50 കവുങ്ങ്, 20 തെങ്ങ് തുടങ്ങിയവ പൂർണമായി നശിച്ചു.
ഭൂരിഭാഗം കർഷകരും വിള ഇൻഷ്വറൻസ് ചെയ്തിട്ടുള്ളവരാണ്. അവർക്ക് ഇൻഷ്വറൻസ് ആനുകൂല്യവും, ഒപ്പം കൃഷിനാശം ഉണ്ടായ എല്ലാ കർഷകർക്കും പ്രകൃതിക്ഷോഭ ധനസഹായവും ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചതായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.