കൊച്ചി: കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു. കൊവിഡ് വന്നശേഷം പ്രോട്ടോകോൾ തെറ്റിച്ച് മുഖ്യമന്ത്രി പലരീതിയിൽ രംഗത്തിറങ്ങുകയും പല ആളുകൾക്കും രോഗം വരാനുള്ള കാരണക്കാരനാവുകയും ചെയ്തു. അതീവഗുരുതരമായ തെറ്റാണ് ചെയ്തത് എങ്കിലും കേരള സർക്കാരും ആരോഗ്യ മന്ത്രിയും പിണറായി വിജയനെ സംരക്ഷിക്കാൻ നോക്കുന്നത് കേരളത്തിന്റെയും മലയാളികളുടെയും ഗതികേടാണ്. സർക്കാർ ഡോക്ടർ തന്നെ മുഖ്യമന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയകാര്യം പറഞ്ഞിട്ടും അതിനെ അവഗണിച്ചു കൊണ്ടും എതിർത്തുകൊണ്ടും ആരോഗ്യമന്ത്രി രംഗത്തുവന്നത് മറ്റൊരു സംസ്ഥാനത്തും ഉണ്ടാകാത്ത കാര്യമാണ്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് മാത്രം നിയമമൊന്നും ബാധകമല്ലേ എന്ന സംശയം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും പി.സി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.