കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ 18ന് രാവിലെ 10ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും. ജൂബിലി സ്മാരകമായി നിർമിക്കുന്ന ശ്രീനാരായണ പഠനഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം 29ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നിർവഹിക്കും.
18ന് ശാഖാങ്കണത്തിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുഖ്യപ്രസംഗം നടത്തും. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് പ്ലാറ്റിനംജൂബിലി സന്ദേശം നൽകും.
പഞ്ചായത്ത് ഓംബുഡ്സ്‌മാനായി നിയമിക്കപ്പെട്ട ജസ്റ്റിസ് പി.എസ്. ഗോപിനാഥനെ ആദരിക്കും. ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ലോഗോപ്രകാശിപ്പിക്കും. പഠനഗവേഷണകേന്ദ്രം നിർമാണ ഫണ്ടിന്റെ ആദ്യ ഓഹരി, സംഭാവന, ഡെപ്പോസിറ്റ് എന്നിവയുടെ ഉദ്ഘാടനം സ്വാമി വിശുദ്ധാനന്ദ നിർവഹിക്കും.
പഞ്ചായത്ത് അംഗം പി. ഗഗാറിൻ, നടക്കാവ് ദേവസ്വം സെക്രട്ടറി എൻ.ജെ. ഉണ്ണിക്കൃഷ്ണൻ, മുച്ചൂർക്കാവ് ദേവസ്വം പ്രസിഡന്റ് എ.സി. ഷിബു, ആനന്ദദായിനി സമാജം പ്രസിഡന്റ് മണി മാന്ത്രയിൽ എന്നിവർ സംസാരിക്കും. സംഘാടകസമിതി ചെയർമാൻ എൻ. സന്തോഷ് സ്വാഗതവും ജനറൽ കൺവീനർ ഡി. ജിനുരാജ് നന്ദിയും പറയും. 29ന് രാവിലെ 10.30ന് ശ്രീനാരായണ പഠനഗവേഷണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടക്കും.