തൃക്കാക്കര: സാനു മോഹന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. ഇതിന്റെ ഭാഗമായി സനുമോഹന്റെയും കാറിന്റെയും ഫോട്ടോ ഉൾപ്പെടെയുള്ള ലുക്ക് ഔട്ട് നോട്ടീസ് കൊച്ചി പൊലീസ് കമ്മിഷണറേറ്റ് ഔദ്യോഗിക പേജിൽ പ്രസിദ്ധീകരിച്ചു. കേരളത്തിന് പുറമെ തമിഴ്നാട്, കർണ്ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സംസ്ഥാന പൊലീസ് മേധാവികളോടും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നോട്ടീസ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവരവരുടെ മാതൃഭാഷയിൽ ഇത് പ്രസിദ്ധീകരിക്കാനാണ് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇയാൾ വിദേശത്തേക്ക് കടക്കുന്നത് തടയാൻ ഇതിലൂടെയാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അതേസമയം, വൈഗയുടെ ആന്തരിക പരിശോധനാഫലം അടുത്തയാഴ്ചയോടെയേ അറിയുകയുള്ളൂ എന്നാണ് അനൗദ്യോഗിക വിവരം.
വൈഗയുടെ മരണം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും സനുമോഹനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കാനുള്ള സാദ്ധ്യതയുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പൊലീസുമായി ചർച്ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മകളുടെ മരണവുമായി ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും സനുവിനെതിരെ നിലവിലില്ല. സനുവിന്റെ തിരോധാനമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
ഭാര്യ രമ്യയുടെ അടക്കം മൂന്ന് സിമ്മുകളാണ് സാനു മോഹൻ ഉപയോഗിച്ചിരുന്നത്. സംഭവത്തിനു ശേഷം ഓഫായ ഫോണുകളിൽ ഓൺലൈൻ ക്ലാസിനായി വൈഗ ഉപയോഗിച്ചിരുന്ന ഫോൺ എട്ടാം തീയതി ഉച്ചക്ക് ഓണായതായി കണ്ടെത്തിയിരുന്നു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ ടവർ ലൊക്കേഷനിലാണ് ഫോൺ ഓണായതായി കണ്ടെത്തിയിരുന്നത്. ഇതുകൊണ്ടാണ് കേരളത്തിലും അന്വേഷണം ഊർജ്ജിതമാക്കുന്നത്.
ഫ്ളാറ്റിൽ നിന്ന് മാറാതെ പൊലീസ്
ഫോറൻസിക്ക് സംഘം മൂന്ന് തവണ സാനുമോഹൻ താമസിച്ചിരുന്ന ഫ്‌ളാറ്റുൾപ്പടെ പരിശോധന നടത്തിയിരുന്നു. ഇന്നലെയും അന്വേഷണ സംഘം ഫ്‌ളാറ്റിലെത്തി രണ്ടുപേരെ ചോദ്യം ചെയ്തു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറോളം തവണ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിലെ താമസക്കാരായ ചിലരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.