crime

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി ചുമതലയേറ്റെടുത്ത് ആദ്യം നടപ്പാക്കിയ പൊതുനിരത്തിൽ കാമറ സ്ഥാപിച്ച പദ്ധതി വിജയത്തിലേക്ക്. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനായി 24 ലക്ഷം രൂപ മുടക്കി 11 ഹെെടെക് കാമറകളാണ് പഞ്ചായത്ത് സ്ഥാപിച്ചത്.

ഫെബ്രുവരി 24നായിരുന്നു സ്വിച്ച് ഓൺകർമ്മം നടന്നത്. ഇതേതുടർന്ന്ദേശീയപാതയിൽ ഉൾപ്പെടെ മാലിന്യ നിക്ഷേപം കുറഞ്ഞിരുന്നു. മാത്രമല്ല, ജനപ്രതിനിധികളെല്ലാം തിരഞ്ഞെടുപ്പ് തിരക്കിലേക്ക് നീങ്ങിയതോടെ കാമറ സ്ഥാപിച്ച വിവരങ്ങളെല്ലാം മാലിന്യം തള്ളിയിരുന്ന സാമൂഹിവിരുദ്ധർ മറക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെ കാമറ പരിശോധിച്ചപ്പോഴാണ് സ്കൂട്ടറിലും ഗുഡ്സ് ഓട്ടോറിക്ഷയും കാറിലുമായി മാലിന്യങ്ങൾ തള്ളുന്ന ദൃശ്യം ലഭിച്ചത്. വിഷു ദിവസം നട്ടുച്ചക്ക് ഗുഡ്സ് ഓട്ടോറിക്ഷ നിറയെ ചാക്കുകളിലാക്കി മാലിന്യം കൊണ്ടുവന്ന് തള്ളുന്ന ദൃശ്യം കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഗുഡ്സ് ഓട്ടോറിക്ഷയിൽ എത്തിക്കുന്ന മാലിന്യ ചാക്കുകൾ കാക്കി ഷർട്ട് ധരിച്ച ഡ്രൈവർ തന്നെയാണ് തലചുമടായും വലിച്ചും റോഡിൽ തള്ളുന്നത്.

ഡ്രൈവർക്ക് ഏകദേശം 60 വയസോളം പ്രായം തോന്നിക്കും. ചെയ്യുന്ന കുറ്റത്തെ കുറിച്ച് യാതൊരു ഭയാശങ്കകളുമില്ലാതെ 'കൂൾ' ആയി മാലിന്യം തള്ളിയ ശേഷം വാഹനവുമായി പോകുകയാണ് ദൃശ്യത്തിൽ ഇയാൾ. സ്കൂട്ടറിൽ മാലിന്യം തള്ളുന്നവരും കാറിൽ മാലിന്യം തള്ളുന്നവരും ഓട്ടത്തിനിടയിലാണ് നിക്ഷേപിക്കുന്നത്. കാമറ ദൃശ്യങ്ങൾ സഹിതം ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷും വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടിയും പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ കാമറക്കായി 12 ലക്ഷം കൂടി

ചൂർണിക്കരയിൽ മാലിന്യ നിക്ഷേപം തടയാൻ 24 ലക്ഷം രൂപ മുടക്കി 11 ഹൈടെക് കാമറകൾ സ്ഥാപിച്ചതിന് പുറമെ രണ്ടാംഘട്ടത്തിൽ കാമറകൾക്കായി 12 ലക്ഷം രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. ദേശീയപാതയിൽ എസ്.എസി.എം.എസ് കോളേജ് പരിസരം 4, പുളിഞ്ചോട് 2, കമ്പനിപ്പടി, അമ്പാട്ടുക്കാവ് എന്നിവിടങ്ങളിൽ ഒന്ന് വീതം കാമറയും അമ്പാട്ടുകാവ് കട്ടേപ്പാടം റോഡിൽ മൂന്ന് കാമറയുമാണ് സ്ഥാപിച്ചത്. പഞ്ചായത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പുളിഞ്ചോട് മുതൽ മുട്ടം എസ്.സി.എം.എസ് കോളേജ് വരെ വ്യാപകമായി മാലിന്യ നിക്ഷേപമാണ്. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമെല്ലാം പലവട്ടം രാത്രി കാലങ്ങളിൽ ഉറക്കമിളച്ച് മാലിന്യം നിക്ഷേപകരെ പിടികൂടാൻ ശ്രമിച്ചിട്ടുണ്ട്. നാട്ടുകാരുടെ വിജിലൻസ് സ്‌ക്വാഡും പലവട്ടം രംഗത്തിറങ്ങി. എന്നിട്ടും ഫലമില്ലാതായ സാഹചര്യത്തിലാണ് കാമറ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയത്.