കൊച്ചി:കൊവിഡ് പശ്ചാത്തലത്തിൽ നടപ്പാക്കിയ ഓൺലൈൻ പഠനം സി.ബി.എസ്.ഇ വിദ്യാർത്ഥികളുടെ പഠന നിലവാരവും അറിവും വർദ്ധിപ്പിക്കുന്നതിൽ പരാജയമെന്ന് വിലയിരുത്തൽ.
പത്ത്,പന്ത്രണ്ട് ക്ളാസുകളിലെ കുട്ടികൾക്കായി സി.ബി.എസ്.ഇ സ്കൂളുകളിൽ നടത്തിയ മോഡൽ പരീക്ഷകളിൽ, പഠിത്തത്തിൽ മുന്നിട്ടുനിന്ന വിദ്യാർത്ഥികൾ പോലും കുറഞ്ഞ മാർക്കാണ് നേടിയത്. 90 ശതമാനത്തിലേറെ മാർക്ക് നേടിയിരുന്നവരും പിന്നാക്കം പോയി..ഓൺലൈൻ പഠനത്തിന്റെയും പരീക്ഷയുടെയും പ്രത്യാഘാതമായി ഇതിനെ അദ്ധ്യാപകർ വിലയിരുത്തുന്നു.
പത്താം ക്ളാസ് പരീക്ഷ റദ്ദാക്കിയെങ്കിലും അവരെ ജയിപ്പിക്കാനുള്ള മാനദണ്ഡങ്ങൾ സി.ബി.എസ്.ഇ താമസിയാതെ തയ്യാറാക്കും. ഓൺലൈൻ പഠനത്തിലെയും പരീക്ഷകളിലെയും പോരായ്മ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ളാസുകളിലെ കുട്ടികളും മാർക്കു നേടുന്നതിൽ പിന്നാക്കം പോയിട്ടുണ്ട്.അതേസമയം, പന്ത്രണ്ടാം ക്ളാസുകാരുടെ ബോർഡ് പരീക്ഷ ജൂണിൽ നടത്താൻ സാധ്യതയുള്ളതിനാൽ കുട്ടികളെ മികച്ച വിജയത്തിന് പ്രാപ്തരാക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് അദ്ധ്യാപകർ. വിദ്യാർത്ഥികൾക്ക് അവർ പ്രത്യേക പരിശീലനം നൽകുന്നുണ്ട്.
വിദ്യാർത്ഥികളുടെ
പ്രതിസന്ധി
പാഠഭാഗങ്ങൾ പൂർണമായി ഗ്രഹിക്കാൻ ഓൺലൈൻ ക്ളാസുകൾ പ്രാപ്തമല്ല
ഒരു വർഷത്തിലേറെ നേരിട്ട് ക്ളാസുകളിൽ പങ്കെടുക്കാത്തതും സ്കൂളുകളിൽ പരീക്ഷ
എഴുതാത്തതും പഠനനിലവാരം താഴാനിടയാക്കി
ഓഫ് ലൈൻ പരീക്ഷ വേഗത്തിലെഴുതാനുള്ള പരിശീലനം കിട്ടാതെപോയി
ഓൺലൈൻ പരീക്ഷ എഴുതുമ്പോൾ ബാഹ്യപിന്തുണ ലഭിക്കുന്നുണ്ടാവാം
പാഠ്യപദ്ധതിയിൽ 33 ശതമാനം വെട്ടിക്കുറച്ചതിൽ ആശയക്കുഴപ്പം
പരിഹരിക്കാം
'മാർക്ക് കുറയുന്നതിന് പല കാരണങ്ങളുണ്ടാകാം. ക്ളാസിൽനിന്ന് ദീർഘകാലം വിട്ടുനിന്നശേഷം പരീക്ഷ എഴുതുന്നതും കാരണമാണ്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളെ പ്രാപ്തരാക്കാനുള്ള ശ്രമത്തിലാണ്'.
-ഡോ. ഇന്ദിര രാജൻ,
സെക്രട്ടറി ജനറൽ,
നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്