co

കൊച്ചി: ജില്ലയിൽ തുടർച്ചയായി അഞ്ചാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ആശങ്ക വർദ്ധിക്കുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാണു രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. കഴിഞ്ഞ ജനുവരി 23 നാണ് അവസാനമായി ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എണ്ണം കുറഞ്ഞ് ഒരു ഘട്ടത്തിൽ നൂറു വരെ എത്തിയിരുന്നു. ഈ മാസം ആദ്യ ദിവസങ്ങളിൽ ശരാശരി ഇരുനൂറിനും മുന്നൂറിനും ഇടയിലായിരുന്നു രോഗികളെങ്കിൽ കഴിഞ്ഞ മൂന്നു ദിവസമായി വൻ കുതിച്ചു ചാട്ടമാണു ദൃശ്യമാകുന്നത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും രോഗികളുടെ ഗ്രാഫ് മുകളിലേക്കുയരാനാണു സാദ്ധ്യത.

 കഴിഞ്ഞ ദിവസങ്ങളിലെ രോഗികളുടെ എണ്ണം

തിങ്കൾ :1,162

ചൊവ്വ: 1,226

ബുധൻ : 1162

വ്യാഴം: 1267

വെള്ളി: 1391

ജനപ്രതിനിധികൾക്ക് മുഖ്യപങ്ക്

കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി ആദ്യ ഘട്ടത്തിലെന്ന പോലെ ആരോഗ്യമേഖലയും തദ്ദേശസ്ഥാപനങ്ങളും പൊലീസ് സേനയും കൈകോർക്കുന്നു. ഒരു വാർഡിന്റെ അല്ലെങ്കിൽ ഡിവിഷന്റെ എത്രത്തോളം ഭാഗം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുന്നത് അതാത് മെമ്പറോ,കൗൺസിലറോ ആയിരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആശപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ ,ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരടങ്ങിയ ദൗത്യസേന രൂപീകരിക്കും. അതാത് പ്രദേശങ്ങളിലെ രോഗികളും അവരുമായി സമ്പർക്കത്തിൽ ഉള്ളവരും ക്വാറന്റൈയിൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ദൗത്യസേന ഉറപ്പുവരുത്തും . കൊവിഡ് ടെസ്റ്റിന് വിധേയരാകാൻ വിമുഖത കാട്ടുന്നവരെ അനുനയിപ്പിച്ച് പരിശോധന കേന്ദ്രത്തിലെത്തിക്കേണ്ടതും ഇവരുടെ ചുമതലയാണ്. കണ്ടെയിൻമെന്റ് സോണുകളിൽ പൊലീസിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ഉറവിടം അറിയാത്ത ഒരു രോഗിയുണ്ടെങ്കിൽ ആ വാർഡിനെ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. ക്വാറന്റൈയിനിലുള്ള രണ്ട് പേരെങ്കിലും പോസിറ്റീവായാലും പ്രദേശത്ത് രോഗവ്യാപന സാദ്ധ്യതയുണ്ടെങ്കിലും അവിടം കണ്ടെയിൻമെന്റ് സോണായി മാറിയിരുന്നു. എന്നാൽ കൊവിഡിന്റെ തീവ്രത കുറഞ്ഞതോടെ കണ്ടെയിൻമെന്റ് മേഖല മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലേക്ക് ചുരുങ്ങി.