cartoon

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന, പ്രതികളായ സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലിനെത്തുടർന്ന് ഇ.ഡിക്ക് (എൻഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്) എതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകൾ ഹൈക്കോടതി റദ്ദാക്കിയതോടെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് അരങ്ങൊരുക്കം. ഒപ്പം അന്വേഷണവിഷയത്തിൽ തീരുമാനം കീഴ്ക്കോടതിക്കു വിട്ട നടപടി, സർക്കാരും ഇ.ഡിയുമായി നിയമയുദ്ധത്തിന്റെ തുടർച്ചയ്‌ക്ക് സാദ്ധ്യതയേറ്റുകയും ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കേസെടുപ്പിച്ചതെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുമ്പോൾ, ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ ഇ.ഡിയുടെ പ്രത്യേക കോടതിയിൽ നൽകാനുള്ള ഹൈക്കോടതി നിർദ്ദേശം പിടിവള്ളിയാക്കുകയാണ് സർക്കാർ. അന്വേഷണം ആവശ്യമുണ്ടോ എന്നത് പ്രത്യേക കോടതിക്കു തീരുമാനിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതും സർക്കാർ പരിചയാക്കും.

വ്യാജതെളിവ് ചമയ്ക്കൽ, വ്യാജമൊഴിക്ക് നിർബന്ധിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു ക്രൈംബ്രാഞ്ച് കേസുകൾ. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരമുളള (പി.എം.എൽ.എ) കേസുകളുടെ ചുമതലയുള്ള സ്‌പെഷ്യൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് കേസെടുത്തതെന്നും, ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 195 (1)(ബി) (i) പ്രകാരം അതിനു വിലക്കുണ്ടെന്നുമുള്ള ഇ.ഡിയുടെ വാദം അംഗീകരിച്ചാണ് കേസുകൾ ഹൈക്കോടതി റദ്ദാക്കിയത്. കേസുകൾ റദ്ദാക്കണമെന്ന ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ വിധി.

എന്തുകൊണ്ട് സ്പെഷ്യൽ

കോടതിക്കു വിട്ടു?

ഇ.ഡിക്കു നേരെയുള്ള ആരോപണങ്ങൾ ശരിയാണെങ്കിൽ വ്യാജമൊഴികളും തെളിവുകളും കോടതി നടപടികളെ മലിനമാക്കുകയും നീതിനടത്തിപ്പിനെ ബാധിക്കുകയും ചെയ്യും. ക്രൈംബ്രാഞ്ച് അന്വേഷണം വിലക്കുമ്പോൾതന്നെ ഇവർ ശേഖരിച്ച തെളിവുകൾ പരിശോധിക്കാൻ സ്പെഷ്യൽ കോടതിയെ അനുവദിക്കുന്നത് നീതിയുടെ താത്പര്യം കണക്കിലെടുത്താണ്.

നടപടിക്രമം പാലിക്കാതെ ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ലെങ്കിലും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം. കോടതി പരിഗണിക്കുന്ന വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കാനോ വ്യാജ തെളിവുണ്ടാക്കാനോ നീക്കമുണ്ടെന്ന് വിവരം ലഭിച്ചാൽ നടപടിയെടുക്കാം. സ്‌പെഷ്യൽ കോടതിക്ക് പ്രാഥമികാന്വേഷണം നടത്തി അന്വേഷണം വേണോയെന്ന് തീരുമാനിക്കാം.

കേസ് വന്ന വഴി

 മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ നവംബർ 18ന് പുറത്ത്

അന്വേഷണം ആവശ്യപ്പെട്ട് നവംബർ 20ന് ജയിൽ ഡി.ജി.പിക്ക് ഇ.ഡിയുടെ പരാതി

 ഇ.ഡി ഉദ്യോഗസ്ഥർ സ്വപ്നയെ മൊഴിനൽകാൻ നിർബന്ധിച്ചെന്ന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. ഇ.ഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്.

 മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരുപറയാൻ ഇ.ഡി നിർബന്ധിച്ചെന്നാരോപിച്ച് മാർച്ച് അഞ്ചിന് ജയിലിൽനിന്ന് കോടതിക്ക് സന്ദീപ് നായരുടെ കത്ത്.

ഇതിന്റെ അടിസ്ഥാനത്തിൽ അഡ്വ. ആർ. സുനിൽകുമാർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ കേസ്

ഇ.ഡിയുടെ വഴിയിൽ

 കേസുകൾ റദ്ദായതോടെ അന്വേഷണം പൂർണതോതിൽ തുടരാം

 സ്പീക്കർ ഉൾപ്പെടെ ആരോപണ വിധേയർക്കെതിരെ നടപടി

 ആരോപണം സ്പെഷ്യൽ കോടതി പരിശോധിക്കാൻ പറഞ്ഞത് തിരിച്ചടി

 ക്രൈംബ്രാഞ്ച്കേസ് ദുരുദ്ദേശ്യപരമാണെന്ന് തെളിയിക്കാനായില്ല

 അപ്പീൽ നൽകാം, തീരുമാനമായിട്ടില്ല

സർക്കാരിന്റെ പിടിവള്ളി

 അപ്പീൽ നൽകാം. തീരുമാനമെടുത്തിട്ടില്ല

 സ്പെഷ്യൽകോടതി പരിശോധിക്കാൻ പറഞ്ഞത് വിജയം

 സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനായാൽ ബലം ലഭിക്കും

 മൊഴികൾ പരിശോധിച്ചാൽ അന്വേഷണം അനുവദിച്ചേക്കും

 ക്രൈംബ്രാഞ്ചിന്റെ നടപടിക്കെതിരെ വിമർശനമില്ല