ioc

കൊച്ചി: ഇന്ത്യൻ ഓയിലിന്റെ ഛോട്ടു ബ്രാൻഡ് അഞ്ച് കിലോഗ്രാം പാചകവാതക സിലിണ്ടർ ഇനി കൺസ്യൂമർഫെഡിന്റെ ത്രിവേണി വില്പനശാലകളിലും ലഭിക്കും. ഇതു സംബന്ധിച്ച ധാരണാപത്രം ഐ.ഒ.സി കേരള എൽ.പി.ജി ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ഒപ്പുവച്ചു. ഐ.ഒ.സി കേരള മേധാവി വി.സി. അശോകൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് എന്നിവർ പങ്കെടുത്തു.

ഛോട്ടു ബ്രാൻഡ് എൽ.പി.ജി സിലിണ്ടറിന് കേരളത്തിൽ വൻപ്രിയമുണ്ട്. കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഛോട്ടുവിന്റെ മികവ്. ഛോട്ടുവിന് സംസ്ഥാനത്ത് 75 ശതമാനമാണ് വിപിണി പങ്കാളിത്തം. 35,000 സിലിണ്ടറുകളാണ് പ്രതിമാസം കേരളത്തിലെ വില്പന. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന വില്പനയാണ്.

കൺസ്യൂമർഫെഡുമായുള്ള ധാരണ ഛോട്ടുവിനെ കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹായിക്കുമെന്നാണ് ഐ.ഒ.സിയുടെ പ്രതീക്ഷ.