കോലഞ്ചേരി: ഹോട്ടലുടമക്ക് കൊവിഡ്. കോലഞ്ചേരിയിലെ ഗ്രാന്റ് ഹോട്ടൽ അടപ്പിച്ചു. ഹോട്ടലുടമ കൊവിഡ് പോസിറ്റീവായ വിവരം രഹസ്യമാക്കിവച്ചുകൊണ്ട് രോഗനിയന്ത്റണത്തിന് പാലിക്കേണ്ട അവശ്യ മാനദണ്ഡങ്ങൾ പിന്തുടരാതെ രണ്ട് ദിവസമായി പ്രവർത്തിച്ചു വന്ന കോലഞ്ചേരിയിലെ ഗ്രാന്റ് ഹോട്ടൽ ആരോഗ്യവിഭാഗവും പൊലീസും ചേർന്നാണ് അടപ്പിച്ചത്. രണ്ട് ദിവസം മുമ്പ് കൊവിഡ് ബാധിതനാണെന്നു തിരിച്ചറിഞ്ഞ ഉടനെ ഹോട്ടലുടമ രഹസ്യമായി ആലപ്പുഴയിലെ വീട്ടിലേക്ക് പോവുകയും തന്റെ പ്രാഥമിക സമ്പർക്കത്തിലുള്ള ജീവനക്കാരെ ക്വാറന്റൈനിൽ വിടാതെ ഇവരെവച്ചു തുടർന്നും ഹോട്ടൽ പ്രവർത്തിച്ചു വരികയും ചെയ്തു. കൊവിഡ് രോഗികളെ കണ്ടെത്തുന്ന സ്ഥാപനങ്ങൾ അടച്ചിട്ടു മൂന്നു ദിവസം കഴിഞ്ഞ് അണുവിമുക്തമാക്കിയതിനു ശേഷം മാത്രമെ തുടർന്ന് പ്രവർത്തിക്കാവൂ എന്ന മാനദണ്ഡവും പാലിക്കാൻ ഹോട്ടലുടമ തയ്യാറായില്ല. മറ്റു കേന്ദ്രങ്ങൾ മുഖേന ഹോട്ടലുടമ കൊവിഡ് ബാധിധനായ വിവരം അറിഞ്ഞ പൂതൃക്ക ആരോഗ്യവിഭാഗം ഉടൻ ഹോട്ടൽ പ്രവർത്തിക്കുന്നത് നിർത്തിവയ്ക്കാൻ നിർദേശിക്കുകയും പുത്തൻകുരിശ് പൊലീസിന്റെ സഹായത്തോടെ ഹോട്ടൽ അടപ്പിക്കുകയുമായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലടക്കം പൊതുജനോരോഗ്യ കാഴ്ചപ്പാടിൽ വീഴ്ച്ചവരുത്തി പ്രവർത്തിച്ചുവന്നിരുന്ന ഈ സ്ഥാപനത്തിന് ആരോഗ്യവിഭാഗം മുമ്പ് പലതവണ താക്കീത് നൽകിയിട്ടുള്ളതും ഒരാഴ്ചമുൻപ് നോട്ടീസ് നൽകിയിട്ടുള്ളതുമാണ്.ഹോട്ടലിനെതിരെ സ്ഥലത്തെ ഓട്ടോ തൊഴിലാളികളുടേതടക്കമുള്ള രേഖമൂലമുള്ള പരാതി നിലനിൽക്കുന്നുമുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഹാരപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് അണുനശീകരണം നടത്തി സുരക്ഷിതമെന്നു ബോധ്യമായ ശേഷം മാത്രമായിരിക്കും ഇനി ഹോട്ടലിന് ആരോഗ്യവിഭാഗം പ്രവർത്തന അനുമതി നൽകുക.പൂതൃക്ക ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജി, പുത്തൻകുരിശ് എസ്. ഐ എസ്.ആർ. സനീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജീവ് എന്നിവരടങ്ങിയ സംഘമാണ് നടപടിയെടുത്തത്.