കോലഞ്ചേരി: ജില്ലയിൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പണമെടുപ്പും പണിയാകുന്നു. ഒരു വർഷത്തിലധികമായി തുടരുന്ന കൊവിഡ് കാലത്ത് നാടാകെ സുരക്ഷിതമായെന്ന തോന്നലിൽ എ.ടി.എമ്മുകളിൽ സാനിറ്റൈസറുകളെന്ന ഏർപ്പാട് തന്നെയില്ലാതായി. വിവിധയിടങ്ങളിൽ നിന്നെത്തുന്നവർ സ്പർശിക്കുന്ന എ.ടി.എമ്മുകളിൽ രോഗവ്യാപനത്തിന് സാദ്ധ്യത കൂടിയ സ്ഥലമാണ്. ആലുവ റൂറൽ ജില്ലയിൽ 250 ലധികം എ.ടി.എം കൗണ്ടറുകളുണ്ട്. ബാങ്കുകൾക്കൊപ്പം പ്രവർത്തിക്കുന്നവയും തനിച്ച് പ്രവർത്തിക്കുന്നവയും ഇക്കൂട്ടത്തിൽപ്പെടും. തനിച്ച് പ്രവർത്തിക്കുന്നവയിലാണ് സാനിറ്റൈസറുകൾക്ക് 'ക്ഷാമം' നേരിടുന്നത്. യാത്രക്കാർ, കച്ചവടക്കാർ അടക്കം വിവിധതരം ആളുകളാണ് എ.ടി.എം ഉപയോഗിക്കുന്നത്. അത് തന്നെയാണ് പ്രധാന പ്രശ്നവും. എ.ടി.എമ്മിന്റെ വാതിൽ തുറക്കലും പിൻ നമ്പറടിക്കലും കൈ സ്പർശം അനിവാര്യമാകുമ്പോൾ സാനിറ്റൈസറും നിർബന്ധമാണ്. ബാങ്കുകളിൽ കയറി ഇടപാട് നടത്താൻ മടിക്കുന്നവർ പണമെടുക്കലും നിക്ഷേപിക്കലും എ.ടി.എം, സി. ഡി.എം വഴി നടത്തുന്നുണ്ട്. പൊതുവേ എ.ടി.എം ഉപയോഗത്തിൽ വർദ്ധനയാണ് കൊവിഡ് കാലത്തെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ബാങ്കുകളോട് ചേർന്നുള്ള എ.ടി.എമ്മുകളിൽ ദിവസേന സാനിറ്റൈസർ നിറയ്ക്കുന്നുണ്ട്. കൊവിഡ് സുരക്ഷയ്ക്കായി എ.ടി.എമ്മിൽ കയറാൻ പുതിയ തന്ത്റങ്ങൾ കണ്ടുപിടിച്ച ന്യൂ ജെൻ ടീമുകളുമുണ്ട്. കൈമസിലുകൊണ്ട് തള്ളിത്തുറന്ന് കാർഡിട്ട് വണ്ടിയുടെ താക്കോൽമുന ഉപയോഗിച്ച് പാസ്‌വേർഡ് അടിച്ച് പണമെടുത്ത് പോക്കറ്റിൽ വെയ്ക്കും. എ.ടി.എം രസീത് ഉപയോഗിച്ച് വാതിലിന്റെ പിടി വലിച്ചുതുറന്ന് പുറത്ത് കടക്കും. ഇനി രസീത് എ.ടി.എം. തന്നില്ലെങ്കിലോ. അതിനും അവരുടെ കൈയിൽ വഴിയുണ്ട്, കൈമുട്ട് മടക്കി വാതിലിന്റെ പിടിയിൽ ഇട്ട് ഒറ്റവലി. കൈയും നഖവും സ്പർശിക്കാതെ എളുപ്പം പുറത്തെത്താമെന്നാണ് ഇവരുടെ കണ്ടെത്തൽ.