മൂവാറ്റുപുഴ: പദ്ധതി വിഹിതം ചെലവഴിച്ചതിൽ മൂവാറ്റുപുഴ നഗരസഭയ്ക്ക് റെക്കോർഡ് നേട്ടം. സംസ്ഥാനത്ത് ഒമ്പതാമതും ജില്ലയിൽ രണ്ടാമതുമാണ് മൂവാറ്റുപുഴ. 2020- 21 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയതിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചാണ് നേട്ടം കൊയ്തത്. ബഡ്ജറ്റ് വിഹിതം 7.15 കോടി രൂപ ആയിരുന്നു. എന്നാൽ മാർച്ച്‌ 31- ന് മുമ്പ് 8.5 കോടി രൂപ ചെലവഴിക്കാൻ നഗരസഭയ്ക്കായി. 112.59 ശതമാനമാണിത്. ഇതോടെ സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിൽ കൂടുതൽ തുക നഗരസഭയ്ക്ക് ലഭിക്കും.

പൊതുവിഭാഗം വികസന ഫണ്ടിൽ 3,66,72,208 രൂപയും എസ്.സി വിഭാഗത്തിൽ 60,54,824 എസ്.ടി വിഭാഗത്തിൽ 2,82,388 രൂപയും ചെലവഴിച്ചു ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഇനത്തിൽ 3,68,37,576 രൂപയും റോഡ് ഫണ്ട്‌ ഇനത്തിൽ 2,79,31,385 രൂപയും റോഡ് ഇതര വിഭാഗത്തിൽ 71,30,283 രൂപയും ചെലവഴിച്ചു. കൊവിഡും പെരുമാറ്റച്ചട്ടവും നിലനിൽക്കെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ കൃത്യമായ പ്രവർത്തനത്തിന്റെ ഫലമായാണ് നേട്ടം കൈവരിക്കാനായതെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിൽ അംഗങ്ങൾ, മുനിസിപ്പൽ സെക്രട്ടറി, നിർവഹണ ഉദ്യോഗസ്ഥർ, വകുപ്പ് മേധാവികൾ ,ജീവനക്കാർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഉണ്ടായെന്നും ഇവരെയെല്ലാം അഭിനന്ദിക്കുന്നതായും ചെയർമാൻ കൂട്ടിച്ചേർത്തു.