cor
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മേയറുടെ അദ്ധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ നടന്ന സർവകക്ഷി യോഗം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസിൽ പൊതുജനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനും ഹെൽപ്പ് ഡെസ്‌ക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനും മേയർ അഡ്വ.എം അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. വിപുലമായ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്.

വാക്‌സിനേഷനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ ഡിവിഷനിലും നോട്ടീസുകൾ വിതരണം ചെയ്യും. ആദ്യഘട്ടത്തിൽ ഒരു ലക്ഷം പേർക്ക് വാക്‌സിനേഷൻ നൽകും. എല്ലാ വാക്‌സിനേഷൻ കേന്ദ്രങ്ങളിലും ആംബുലൻസും മെഡിക്കൽ ഓഫീസർമാരുടെ സേവനവും ഉറപ്പു വരുത്തും.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോർപ്പറേഷൻ ഓഫീസിൽ ചേരുന്ന കൗൺസിൽ യോഗം ഉൾപ്പെടെയുള്ള പരിപാടികളുടെ സമയം വെട്ടിചുരുക്കും.ഡിവിഷൻതല കൊവിഡ് മോണിറ്ററിംഗ് കമ്മിറ്റികളുടെ പ്രവർത്തനം ഊർജ്ജിതമാക്കും. കൗൺസിലർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊലീസ് എന്നിവരെ സമിതിയിൽ ഉൾപ്പെടുത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ നടത്തും. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് മരുന്ന് സൗജന്യമായി വിതരണം ചെയ്യും. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിൽ അണുനശീകരണം നടത്തും. സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

ഡെപ്യൂട്ടി മേയർ കെ.എ അൻസിയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ റെനീഷ്, ഷീബാലാൽ, ടി.കെ അഷ്റഫ്, സുനിത ഡിക്‌സൺ,സനിൽമോൻ ജെ, അഡ്വ.പ്രിയ പ്രശാന്ത് ,കൗൺസിലർമാരായ അഡ്വ.ആന്റണി കൂരീത്തറ, സി.എ ഷക്കീർ, സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 പുതിയ ചികിത്സാകേന്ദ്രങ്ങൾ തുറക്കും

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കോർപ്പറേഷന്റെ നേതൃത്വത്തിൽ നാല് എഫ്.എൽ.ടി.സി ( ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ) ആരംഭിക്കും. രോഗികളുടെ എണ്ണം വർദ്ധിച്ചാൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ തുറക്കും. നിലവിൽ മട്ടാഞ്ചേരി ടൗൺഹാളിലെ കേന്ദ്രം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇവിടെ 59 കൊവിഡ് രോഗികൾ ചികിത്സയിലുണ്ട്. പള്ളുരുത്തിയിലെ കൊവിഡ് ചികിത്സാകേന്ദ്രം തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും.

ടി.കെ.അഷ്‌റഫ്

ആരോഗ്യസ്ഥിരംസമിതി ചെയർമാൻ