മൂവാറ്റുപുഴ: രണ്ടാഴ്ചയായി മൂവാറ്റുപുഴ നഗരത്തിലെ ഉയർന്ന പ്രദേശമായ കുന്നപ്പിള്ളി മലയിൽ കുടിവെള്ളം എത്തിയിട്ട്. ഏതാനം മാസങ്ങൾക്കു മുമ്പ് ജനകീയ പ്രതിഷേധമുയർന്നതിനെ തുടർന്ന് പെട്ടന്ന് ശരിയാക്കാമെന്ന പ്രഖ്യാപനം അധികൃതർ നടത്തിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടത്തെ കുടിവെള്ളപ്രശ്നത്തിന് ഇനിയും പരിഹാരമായിട്ടില്ല. നഗരസഭ പന്ത്രണ്ടാം വാർഡിൽപെട്ട കിഴക്കേക്കരയിലെ കുന്നപിള്ളിമല മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങി താമസിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ളമാണ് പ്രദേശത്തിന്ഏക ആശ്രയം. ഉയർന്ന പ്രദേശമായതിനാൽ വെള്ളമെത്താത്തതാണ് പ്രശ്നത്തിനു കാരണം. മൂന്നു പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനാണ് പ്രദേശത്ത് ഉള്ളത്. വേനൽ കാലമായാൽ പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്.
കിഴക്കേക്കര മേഖലയിലേക്കുള്ള പൈപ്പ് ലൈൻ മുഴുവൻ മാറ്റി സ്ഥാപിച്ചാലെ പ്രശ്നത്തിന് പരിഹാരമാകുകയൊള്ളു. മേഖലയിൽ കൂടുതൽ വീടുകൾ വന്നതോടെ കൂടുതൽ കണക്ഷനുകൾ നൽകി ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചിട്ടും പൈപ്പ് ലൈനുകൾ മാറ്റിയിട്ടില്ല. കുടിവെള്ള ക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടിവെള്ളം എത്തിച്ച് നൽകുന്നതിന് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രതിഷേധിച്ചിട്ടും നടപടിയില്ല
പ്രതിഷേധം രൂക്ഷമാകുമ്പോൾ മറ്റിടങ്ങളിലേക്കുള്ള കുടിവെള്ളം ബ്ലോക്ക് ചെയ്ത് ചില ദിവസങ്ങളിൽ വെള്ളമെത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം ശമിപ്പിക്കുകയാണ് അധികൃതർ ചെയ്യുന്നത്. നഗരസഭ കുന്നപ്പിള്ളി മല മിനി വാട്ടർ സപ്ലെ പദ്ധതി കൊണ്ടുവന്നങ്കിലും പുഴയിൽ നിന്നും ശുദ്ധീകരിക്കാതെ നേരിട്ട് പമ്പ് ചെയ്യുന്ന വെള്ളം വീടുകളിലെ മറ്റ് ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നത്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും കുടിവെള്ളം ലഭ്യമായിട്ടില്ല.