കൊച്ചി: സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമുണ്ടാകാതിരിക്കാൻ ബി.പി.സി.എൽ വക കരുതൽ. കേരളത്തിലെ സർക്കാർ ആശുപത്രികൾക്ക് സൗജന്യമായി മെഡിക്കൽ ഓക്സിജൻ നൽകും. അമ്പലമുകൾ ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽനിന്ന് പ്രതിദിനം ഒന്നരടൺ ഓക്സിജനാണ് സൗജന്യമായി നൽകുന്നത്. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. നിലവിൽ കമ്പനി 20 ടണ്ണോളം ഓക്സിജൻ സംഭരിക്കുന്നുണ്ട്. കൊച്ചി റിഫൈനറിയുടെ ബിൽഡ് - ഓവർ ഓപ്പറേറ്റ് യൂണിറ്റിന് 99.7 ശതമാനം ശുദ്ധ ദ്രാവകഓക്സിജൻ ഉത്പാദിപ്പിക്കാനും സംഭരിക്കാനും ശേഷിയുണ്ട്.
രാജ്യത്തിനാവശ്യമായ ഓക്സിജൻ ശേഖരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ സ്റ്റീൽ പ്ലാന്റുകളിലെ ഓക്സിജൻ ശേഖരം ഉൾപ്പെടെ അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്തും.
നിലവിൽ 50,000 ടൺ ഓക്സിജൻ ശേഖരമാണ് രാജ്യത്തുള്ളത്. പ്രതിദിന ഉത്പാദനശേഷി 7127 ടണ്ണാണ്. കൊവിഡ് കേസുകൾ അതിരൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് പ്രതിദിനം 4000 ടൺ മെഡിക്കൽ ഓക്സിജൻ ആവശ്യമായി വരുന്നുണ്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലാണ് മെഡിക്കൽ ഓക്സിജൻ കൂടുതൽ ആവശ്യമായി വരുന്നത്. സംസ്ഥാനത്ത് കഴിഞ്ഞവർഷം കൊവിഡ് രൂക്ഷമായി ഗുരുതരമായ സാഹചര്യമുണ്ടായ ഒക്ടോബർ, നവംബർ മാസങ്ങളിൽ 8 ടൺ ഓക്സിജനാണ് ആവശ്യമായി വന്നത്. അന്ന് സംസ്ഥാനത്ത് 180 ടൺ മെഡിക്കൽ ഓക്സിജന്റെ കരുതലുണ്ടായിരുന്നു. നിലവിൽ ഈ സാഹചര്യത്തിന് മാറ്റമില്ലെന്നും മെഡിക്കൽ ഓക്സിജൻക്ഷാമം സംസ്ഥാനത്തില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
കേരളമടക്കം പന്ത്രണ്ട് സംസ്ഥാനങ്ങൾക്ക് 20, 25, 30 തീയതികളിലായി യഥാക്രമം 4880 ടൺ, 5619 ടൺ, 6593 ടൺ മെഡിക്കൽ ഓക്സിജൻ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നതോടെ മുംബയ്,ഡൽഹി, അഹമ്മദാബാദ്, ലക്നൗ തുടങ്ങിയ പ്രമുഖനഗരങ്ങളിലെ ആശുപത്രികൾ നിറയുകയാണ്. ഓക്സിജൻ ക്ഷാമം നിരവധിപേരുടെ മരണത്തിന് ഇടയാക്കുന്നു. മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നു. കൊവിഡ് വർദ്ധിക്കുന്ന മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത്, യു.പി, ഡൽഹി, ഛത്തീസ്ഗഢ്, കർണാടക, കേരളം, തമിഴ്നാട്, പഞ്ചാബ്, ഹരിയാന രാജസ്ഥാൻ എന്നിവിടങ്ങളിലെ ഓക്സിജൻ ലഭ്യതയും അടുത്ത 15 ദിവസത്തെ ആവശ്യകതയും പ്രധാനമന്ത്രി വിലയിരുത്തി. ഓക്സിജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ഓക്സിജൻ ടാങ്കറുകൾക്ക് അന്തർ സംസ്ഥാന പെർമിറ്റില്ലാതെ സഞ്ചരിക്കാൻ അനുമതി നൽകി. 24 മണിക്കൂർ പ്രവർത്തിക്കാൻ സിലിണ്ടർ ഫില്ലിംഗ് പ്ലാന്റുകളെ അനുവദിക്കും. വ്യാവസായിക സിലിണ്ടറുകൾ ശുദ്ധീകരിച്ചശേഷം മെഡിക്കൽ ഓക്സിജന് ഉപയോഗിക്കാൻ അനുവദിക്കും.