അങ്കമാലി: കൊവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് ബസുകളിൽ സീറ്റുകളിൽ മാത്രം യാത്രക്കാരെ അനുവദിക്കുകയുള്ളൂ എന്ന ഉത്തരവിനെ തുടർന്ന് പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും ആശയക്കുഴപ്പങ്ങളും പരിഹരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അങ്കമാലി, കാലടി, അത്താണി മേഖല പ്രസിഡന്റ് ഏ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ് എന്നിവർ ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും പ്രതിസന്ധിയിലായ സ്വകാര്യബസ് മേഖല അതിജീവനത്തിന് തയ്യാറെടുക്കുമ്പോഴാണ് രണ്ടാം വ്യാപനവും സീറ്റിംഗ് കപ്പാസിറ്റിയിൽ അധികം യാത്രക്കാർ പാടില്ല എന്ന ഉത്തരവും വരുന്നത്. പരീക്ഷക്കാലത്തുള്ള വിദ്യാർത്ഥികളും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനധികൃതമായി നടത്തുന്ന ക്ലാസുകളിലേക്കും വിദ്യാർത്ഥികൾ കൂട്ടമായി എത്തുമ്പോൾ പ്രതിസന്ധിയിലാക്കുന്നത് ബസ് ജീവനക്കാരാണ്. ബസ് സ്റ്റാൻഡിൽ നിന്നും സീറ്റിംഗ് കപ്പാസിറ്റി യാത്രക്കാരുമായി പുറപ്പെടുന്ന ബസ് വഴിയിൽ കാത്തു നിൽക്കുന്നവരെ കയറ്റാതെ പോകുന്നതിനെ ചൊല്ലി മേഖലയിലെ ബസ് ജീവനക്കാരും യാത്രക്കാരുമായി ദിനംപ്രതി തർക്കങ്ങൾ ഉണ്ടാവുകയാണ്. അതുകൊണ്ട് ഉത്തരവ് പുനപരിശോധിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അധികൃതരോട് ആവശ്യപ്പെട്ടു.