കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടികളെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും കവർന്ന കേസിലെ കൂട്ടുപ്രതിയായ ടാക്‌സി ഡ്രൈവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളുടെ പേരുവിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

നിലവിൽ മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇയാളെ ഉടൻ പിടികൂടുമെന്ന് പാലാരിവട്ടം സി.ഐ പറഞ്ഞു. കേസിൽ അറസ്റ്റിലായ തൃപ്പൂണിത്തുറ എരൂരിൽ വാടകയ്ക്ക് താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലിൽവീട്ടിൽ എം.എസ്. ഗോകുൽ (26), ഭാര്യ ആതിര പ്രസാദ് (27) എന്നിവരെ പൊലീസ് കസ്റ്റഡിയിൽവാങ്ങി ചോദ്യംചെയ്യും. ഇതിനായുള്ള അപേക്ഷ ഇന്നുനൽകും.

കലൂർ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനടുത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ ദമ്പതിമാർ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഫോണിൽ വിളിച്ചുവരുത്തി ബലമായി കാറിൽകയറ്റി. മുഖത്ത് കുരുമുളക് സ്‌പ്രേ അടിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്നിരുന്ന ഒന്നേകാൽ പവൻ സ്വർണമാലയും ബാഗിൽ ഉണ്ടായിരുന്ന 20,000 രൂപയും കവരുകയായിരുന്നു. അന്നേദിവസം മറ്റൊരു പെൺകുട്ടിയിൽനിന്നും ഇവർ സമാനമായ രീതിയിൽ പണവും ആഭരണവും കവർന്നിരുന്നു. ദമ്പതിമാർ കൂടുതൽ പെൺകുട്ടികളെ കവർച്ചയ്ക്ക് ഇരയാക്കിയിട്ടുണ്ടോയെന്നതടക്കം അന്വേഷിക്കുന്നുണ്ട്.