കൊച്ചി: ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ സൗജന്യ കുടിവെള്ളം നൽകുന്ന അമൃതം പദ്ധതിക്ക് തുടക്കമായി. എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിലാണ് അമൃതം പദ്ധതി നടപ്പാക്കുന്നത്. വൈറ്റില അഞ്ചുമുറി ബസ് സ്റ്റോപ്പിൽ സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനത്തിന്റെ ഉദ്ഘാടനം സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ നിർവഹിച്ചു. കാരിത്താസ് ഇന്ത്യ പ്രകൃതി വിഭവ പരിപാലന വിഭാഗം മേധാവി ഡോ . വി. ആർ. ഹരിദാസ്, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ, പൊന്നുരുന്നി സി.എസ് .ബി. ബാങ്ക് മാനേജർ അരുൺ കുമാർ, പ്രദേശത്തെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു. കൊച്ചി നഗരത്തിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അമൃതം പദ്ധതി നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.