1
ഹൈവേകളിൽ അപകട ബോർഡുകൾ സ്ഥാപിക്കുന്ന മുകേഷ് ജൈൻ

തോപ്പുംപടി: മേടച്ചൂടിൽ നാടും നഗരവും വെന്തുരുകുമ്പോൾ പറവകൾക്ക് ഒരു തുള്ളി ദാഹജലം നൽകാൻ പെടാപ്പാട് പെടുകയാണ് മട്ടാഞ്ചേരിക്കാരൻ മുകേഷ് ജൈൻ. ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് മൺപാത്രത്തിൽ ശുദ്ധജലം നിറച്ച് വയ്ക്കുന്ന പദ്ധതിക്കാണ് മുകേഷ് രൂപം നൽകിയിരിക്കുന്നത്. മനുഷ്യർക്ക് ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം ചോദിച്ച് വാങ്ങി കുടിക്കാം. എന്നാൽ വിതയ്ക്കാത്ത, കൊയ്യാത്ത പറവകൾക്ക് ആരാണ് ആശ്രയം എന്നാണ് മുകേഷ് ചോദിക്കുന്നത്. അത് മാത്രമല്ല അപകടത്തിൽപെടുന്ന പറവകൾക്ക് ഒരത്താണി കൂടിയാണ് ഇദ്ദേഹം. ജില്ലയിലും പുറത്തുമായി ഉണ്ടായ നിരവധി പക്ഷി അപകടങ്ങളിൽ ഇയാൾ സ്ഥലത്തെത്തി പക്ഷിയുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഒരിക്കൽ മകളുടെ വീടായ ബംഗളുരുവിൽ പോയ സമയം മട്ടാഞ്ചേരിയിൽ ഒരു പറവയ്ക്ക് അപകടം സംഭവിച്ചു. മിനിറ്റുകൾക്കകം ഫ്ളൈറ്റിൽ മുകേഷ് കൊച്ചിയിലെത്തി പറവയുടെ ജീവൻ രക്ഷിച്ചു. പട്ടത്തിൽ കുടുങ്ങിയാണ് പല പറവകളുടെയും ജീവൻ പൊലിയാറ്. ഇതേത്തുടർന്ന് പട്ടം പറത്താനുള്ള മാഞ്ച നൂല് അധികാരികൾക്ക് പരാതി നൽകി ഒഴിവാക്കി. കുട്ടികളുടെ പഠന ബാഗിന്റെ ഭാരവും കോടതി വിധി സമ്പാദിച്ച് മുകേഷ് ഒഴിവാക്കിയിട്ടുണ്ട്.

ഇനിയുമുണ്ട്, മുകേഷിന്റെ പക്ഷിപ്രേമം. വഴിയോരങ്ങളിൽ നാടോടികൾ തത്തകളെ വിൽപ്പനക്കായി കൊണ്ടു വന്നാൽ മുകേഷ് എത്തി അത് മൊത്തമായി വിലയ്ക്ക് വാങ്ങി അവയെ ആകാശത്തേക്ക് പറത്തി വിടും. തീർന്നില്ല, അപകടം ഒഴിവാക്കാൻ സംസ്ഥാനത്തിന്റെ ഏത് കോണിൽ പോകാനും മുകേഷ് തയ്യാറാണ്. വളവ് തിരിവുകളിൽ അപകടം ഒഴിവാക്കാൻ ഹൈവേ പൊലീസിന്റെ സഹായത്തോടെ ഇയാൾ റിഫ്ളക്സ് ലൈറ്റുകൾ സ്വന്തം ചെലവിൽ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തീർത്ഥാടകർ വന്നു പോകുന്ന ശബരിമല റൂട്ടിലാണ് അധികവും സ്ഥാപിച്ചത്. ഒരു ജീവനും വഴിയിൽ പൊലിയരുത്. അതാണ് മുകേഷിന്റെ ലക്ഷ്യം.‌