കൊച്ചി: കേരളത്തിൽനിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളുടെ ഒഴിവുകൾ നികത്താൻ ഇൗ നിയമസഭയുടെ കാലയളവിൽ മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ പാലക്കാട് നെന്മാറ സ്വദേശി എ. ചന്ദ്രൻ ഹൈക്കോടതിയിൽ അപ്പീൽനൽകി. നിയമസഭാ സെക്രട്ടറിയും എസ്. ശർമ്മ എം.എൽ.എയും നൽകിയ ഹർജികളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്താൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇൗ ഹർജിയിൽ കക്ഷിയല്ലാതിരുന്ന എ. ചന്ദ്രൻ നൽകിയ അപ്പീൽ അടുത്തയാഴ്ച ഹൈക്കോടതി ഡിവിഷൻബെഞ്ച് പരിഗണിക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെന്മാറ മണ്ഡലത്തിൽനിന്ന് ബി.എസ്.പി സ്ഥാനാർത്ഥിയായി ചന്ദ്രൻ മത്സരിച്ചിരുന്നു. മേയ് രണ്ടിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ ഇടപെടുകയാണ് സിംഗിൾബെഞ്ച് ചെയ്തതെന്നും പുതിയനിയമസഭാംഗങ്ങൾക്ക് വോട്ടുരേഖപ്പെടുത്താൻ കഴിയുന്ന തരത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ പറയുന്നു. നിയമസഭയ്ക്കുവേണ്ടി നിയമസഭാ സെക്രട്ടറിക്ക് ഹർജി നൽകാൻ അധികാരമില്ലെന്നും ഇൗ ഹർജി പരിഗണിക്കരുതായിരുന്നെന്നും ഹർജിക്കാരൻ വാദിക്കുന്നു.