mahanami
കാറ്റിൽ മരം മറിഞ്ഞ് മേൽകൂര തകർന്ന ആലുവ മഹനാമി ഹെറിറ്റേജ് ഹോട്ടൽ

ആലുവ: കഴിഞ്ഞ മാസമുണ്ടായ ശക്തമായ കാറ്റിൽ തകർന്ന ആലുവയിലെ പൈതൃക മന്ദിരമായ മഹാനാമിയുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ അനുമതി നൽകി. ഇതേതുടർന്ന് ഇന്ന് അറ്റകുറ്റപ്പണി ആരംഭിക്കും. മാർച്ച് 25ന് വീശിയ കാറ്റിൽ തേക്ക് മരം മറിഞ്ഞാണ് മഹാനാമിയുടെ മേൽക്കൂര തകർന്നത്.

ഒരു ഭാഗത്തെ മോന്തായം പൂർണമായും തകർന്നു. കഴുക്കോലും ഓടുകളും തകർന്നു. മൂന്ന് വലിയ മുറികളുള്ള ഭാഗത്താണ് തേക്ക് മരം വീണത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ലെങ്കിലും 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസായിരുന്ന കെട്ടിടം ഏതാനും വർഷം മുമ്പ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയതോടെയാണ് മഹനാമിഹെറിറ്റേജ് ഹോട്ടലായത്. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാൽ വലിയ അറ്റകുറ്റപ്പണിക്കായി സർക്കാർ അനുമതി ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് മഹാനാമി സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി എസ്റ്റിമേറ്റെടുത്ത് റിപ്പോർട്ട് നൽകി. കോഴിക്കോടുള്ള സംഘമാണ് നിർമാണം നടത്തുന്നത്. ഇതിന്റെ ചെലവ് ഹോട്ടൽ നടത്തിപ്പുകാരാണ് വഹിക്കും.