പെരുമ്പാവൂർ: പെരുമ്പാവൂർ-കുന്നത്തുനാട് നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വല്ലം-മുടിക്കൽ തോടിന് കുറുകെ നിർമിക്കാൻ പദ്ധതിയിട്ടിരുന്ന മുല്ലപ്പിള്ളി പാലത്തിനായുളള കാത്തിരിപ്പ് നീളുന്നു.

മുൻ എം.പി.മാരായ കെ. കരുണാകരൻ, പി.സി. തോമസ്, സാവിത്രി ലക്ഷ്മണൻ, കെ.പി.ധനപാലൻ എന്നിവർ പാലത്തിന്റെ നിർമാണത്തിന് എം.പി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ അവയൊന്നും പാലത്തിന്റെ നിർമ്മാണത്തിൽ കലാശിച്ചില്ല.

കെ.കരുണാകരൻ, പി.സി.തോമസ് എന്നിവരുടെ ഫണ്ടുകൾ ഒരേ സമയം അനുവദിച്ചതിനാൽ ഒരു പദ്ധതിക്ക് രണ്ട് എം.പി. ഫണ്ടിന് നിയമം ഇല്ലാത്തതിനാൽ ഈ ഫണ്ടുകൾ രണ്ടും ലാപ്‌സായി പോയി. വീണ്ടും മുകുന്ദപുരത്ത് എം.പിയായി വന്ന സാവിത്രി ലക്ഷ്മണന്റെ ഫണ്ട് ഉപയോഗിച്ചാണ് പെരുമ്പാവൂർ നഗരസഭ പരിധിയിലെ സൗത്ത് വല്ലം മുല്ലപ്പിള്ളി ഭാഗത്തെ് 300 മീറ്ററോളം വരുന്ന അപ്രോച്ച് റോഡ് 7 മീറ്ററോളം വീതിയിൽ നിർമിച്ചത്. ഈ റോഡാണ് പൊതുമരാമത്ത് വകുപ്പ് മൂന്നു മീറ്ററേയുള്ളു എന്നു പറഞ്ഞ് പാലം പണിയാൻ വകുപ്പിന് അധികാരമില്ലെന്ന് അറിയിച്ചത്.

ചാലക്കുടി എം.പി.യായി വന്ന കെ.പി. ധനപാലൻ 2010-ൽ ഫണ്ട് അനുവദിച്ച് പാലത്തിന് തറക്കല്ലിട്ടു. അന്ന് എം.പി, നഗരസഭ, വാഴക്കുളം പഞ്ചായത്ത് ഫണ്ടുകൾ ഒരുമിച്ച് 30 ലക്ഷത്തോളം രൂപക്ക് പണി പൂർത്തിയാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പെരിയാർ നദിയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിൽ വരുന്ന വല്ലം-മുടിക്കൽ തോട്ടിലെ പദ്ധതി പ്രദേശം ചതുപ്പു നിലവും പരിസ്ഥിതി ദുർബല പ്രദേശവും വർഷക്കാലങ്ങളിൽ ശക്തമായ കുത്തൊഴുക്കിൽ പെരിയാറിൽ നിന്നും വെള്ളം മേൽപ്പോട്ട് ഒഴുകുന്ന പ്രതിഭാസവും ഉള്ളതിനാൽ ബലവത്തായ പാലം പണിയേണ്ടത് ആവശ്യമായി വന്നു. പിന്നീട് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് രണ്ടു കോടിയോളം രൂപ അന്ന് ചെലവ് വരുമെന്നും കണ്ടെത്തി.

2010-15 കാലയളവിലെ നഗരസഭാ കൗൺസിലിന് ഈ കാലത്ത് മണ്ണ് പരിശോധനക്ക് മാത്രമായി ലക്ഷങ്ങളും ചെലവായി.

ഇരുമ്പ് പാലം എത്രനാൾ

2010-15 കാലയളവിലെ കൗൺസിലിന്റെ കാലത്ത് നിർമിച്ച ഇരുമ്പ് പാലമാണ് കാൽനടയാത്രയ്ക്ക് ഇരു കരക്കാരും ഉപയോഗിച്ചു വരുന്നത്. വർഷക്കാലങ്ങളിൽ ഈ പാലവും വെള്ളത്തിനടിയിലാവും.

പരാതി നൽകി

മുൻ എം.പിമാർ ഫണ്ട് അനുവദിച്ചത് പാലം ആവശ്യമാണെന്ന് കണ്ടിട്ടാണ്. ഈ പാലം യാതാർഥ്യമായാൽ ആലുവ ഭാഗത്തുനിന്നും എം.സി. റോഡിലെ വല്ലം കവലയിൽ എളുപ്പത്തിൽ എത്തിച്ചേരാം. പെരിയാറിനു കുറുകേ പണി തീർന്നുവരുന്ന വല്ലം കടവ് പാലം പൂർത്തിയാവുന്നതോടെ നെടുമ്പാശേരി യാത്രയും സുഗമമാകും. മുല്ലപ്പിള്ളിപ്പാലം സംബന്ധിച്ച് പൊതുമാരാമത്ത് വകുപ്പിന്റെ നിഗമനങ്ങൾ ശരിയല്ല എന്നറിയിച്ച് പൊതുമാരാമത്തിന് മുമ്പാകെ സാമൂഹ്യപ്രവർത്തകനായ എം.ബി.ഹംസ പരാതി നൽകി കാത്തിരിക്കുകയാണ്.