sabarimala

കൊച്ചി:വൈക്കം കാട്ടിക്കുന്ന് ശ്രീഭവനിൽ അബിരാജിന്റെ ഒമ്പതുവയസുള്ള മകൾ നന്ദിത രാജിന് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുത്തി ശബരിമല ദർശനം അനുവദിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

പത്തുവയസ് തികഞ്ഞാൽ ശബരിമല ദർശനം സാദ്ധ്യമാവാത്തതിനാൽ മാതാപിതാക്കളുടെ നേർച്ചയനുസരിച്ച് ദർശനത്തിന് അനുമതി തേടി നന്ദിത രാജ് പിതാവ് മുഖേന നൽകിയ ഹർജി ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിച്ചത്.

പത്തു വയസ് തികയാത്ത പെൺകുട്ടികൾക്കും അമ്പതുപിന്നിട്ട സ്ത്രീകൾക്കും ശബരിമല ദർശനത്തിന് ആചാരപ്രകാരം തടസമില്ലെങ്കിലും വെർച്വൽ ക്യൂവിൽ രജിസ്റ്റർചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 17ന് (ഇന്ന്) ബന്ധുക്കൾക്കൊപ്പം ശബരിമലയിൽ പോകാനാണ് അനുമതി തേടിയത്.

കൊവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ഇൗ പ്രായത്തിലുള്ളവർക്ക് വെർച്വൽ ക്യൂ രജിസ്ട്രേഷൻ അനുവദിക്കാത്തതെന്ന് ദേവസ്വംബോർഡ് വിശദീകരിച്ചു. എന്നാൽ കുട്ടിക്ക് ഇളവുനൽകി ദർശനം അനുവദിക്കാൻ ഡിവിഷൻബെഞ്ച് ഉത്തരവിടുകയായിരുന്നു. പിതാവിനൊപ്പം ദർശനത്തിനെത്തുന്ന കുട്ടിയെ കടത്തിവിടണമെന്നാണ് ഉത്തരവ്.