പെരുമ്പാവൂർ: ചേരാനല്ലൂർ-മുട്ടുചിറയുടെ പുല്ലും പായലും നീക്കൽ പാതിവഴിയിൽ നിലച്ചു. മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ഏകദേശം നാല് ഏക്കറിലെ മാലിന്യം നീക്കിയിരുന്നു. എന്നാൽ ഫണ്ട് അപര്യാപ്തമായതിനെത്തുടർന്ന് പാതിവഴിയിൽ നിലച്ചു.
ചിറയുടെ തെക്ക് വശത്തായി രണ്ട് ഏക്കർ ഇനിയും ശുചീകരിക്കാനുണ്ട്. തോട്ടുവപ്പാടം, പങ്ങോലപ്പാടം, കുണ്ടേളിപ്പാടം, നാനാഴിപ്പാടം എന്നീ പാടങ്ങളിലൂടെ ഒഴുകി എത്തുന്ന വെള്ളം ചിറ വൃത്തിയാക്കാത്തതിനാൽ ഇങ്ങോട്ട് എത്തുന്നില്ല.
ചിറയുടെ ബാക്കിഭാഗം ശുചീകരിക്കുന്നതിന് രണ്ടര ലക്ഷം രൂപയുടെ പദ്ധതി കൂടി നടപ്പിലാക്കണം.
മാലിന്യം ലേലം ചെയ്ത് മാറ്റണം
തോട്ടുവ നമ്പിള്ളി റോഡരികിൽ കൂട്ടിയിരിക്കുന്ന ചിറയിലെ മാലിന്യങ്ങൾ ജൈവ വളമായി മാറിയിട്ടുണ്ട്. ഇത് ലേലം ചെയ്ത് റോഡരികിൽ നിന്നു മാറ്റേണ്ടത് ആവശ്യമാണ്. ഈ ജോലികൾ എല്ലാം ഉടൻ പൂർത്തിയാക്കണമെന്ന് ചേരാനല്ലൂർ വികസന സമിതി അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ ദേവച്ചൻ പടയാട്ടിൽ, ജോളി പോൾ പുളിക്കലാൻ, ജോമോൻ ജോസ് പൂണോളി, മാർട്ടിൻ വർക്കി ആറ്റുപുറം, ശശി കാട്ടുങ്ങ എന്നിവർ സംസാരിച്ചു.