woman

കൊച്ചി: വ്യവസായശാലകളിലെ രാത്രിയും പകലും പ്രവർത്തിക്കുന്ന തസ്തികകളിൽ സ്ത്രീസുരക്ഷയുടെ പേരിൽ വനിതകൾക്ക് നിയമനം നിഷേധിക്കരുതെന്ന് ഹൈക്കോടതി വിധിച്ചു. ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ സേഫ്റ്റി ഒാഫീസർ നിയമനത്തിന് പുരുഷന്മാർ അപേക്ഷിച്ചാൽ മതിയെന്ന വിജ്ഞാപനത്തെ ചോദ്യംചെയ്ത് കൊല്ലം ശക്തികുളങ്ങര സ്വദേശി ട്രീസ ജോസഫൈൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് വിധിപറഞ്ഞത്.

സേഫ്റ്റി ഒാഫീസർ തസ്തികയിൽ പകലും രാത്രിയും വിവിധ ഷിഫ്ടുകളിലായി ജോലി ചെയ്യണമെന്നും 1948ലെ ഫാക്ടറീസ് ആക്ട് 66 (1) (ബി) പ്രകാരം സുരക്ഷ മുൻനിറുത്തി സ്ത്രീകളുടെ രാത്രി ഡ്യൂട്ടിക്ക് വിലക്കുണ്ടെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം.

എന്നാൽ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംഗിൽ ബിരുദധാരിയായ താൻ ഗ്രാജുവേറ്റ് എൻജിനീയർ ട്രെയിനിയായി (സേഫ്റ്റി) ഇവിടെ താത്കാലിക ജോലി ചെയ്‌തിട്ടുണ്ടെന്നും സ്ഥിരം ഒഴിവ് വന്നപ്പോൾ നിയമം ചൂണ്ടിക്കാട്ടി വനിതകളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാരി വാദിച്ചു.

കാലം ഒരുപാട്

മുന്നോട്ടു പോയി

 സുരക്ഷ ഉറപ്പാക്കി സ്ത്രീകൾക്ക് രാത്രിയിലും ജോലിചെയ്യാൻ അവസരമൊരുക്കണം. ഇത് തൊഴിലുടമയുടെ ബാദ്ധ്യതയാണ്

 മുമ്പ് വീടുകളിൽ ഒതുങ്ങിയ സ്ത്രീകൾ ഇപ്പോൾ സമൂഹത്തിനും സാമ്പത്തികമേഖലയ്ക്കും ഒട്ടേറെ സംഭാവനകൾ നൽകുന്നുണ്ട്

 മുഴുവൻ സമയവും ജോലിചെയ്യേണ്ട ഐ.ടി, ആരോഗ്യം, വ്യോമയാന മേഖലകളിലെല്ലാം സ്ത്രീകൾ മുൻപന്തിയിലുണ്ട്

 ഫാക്ടറീസ് ആക്ട് വന്നത് 1948ൽ. ലോകം പിന്നെയും മുന്നോട്ടുപോയി. വെല്ലുവിളി നിറഞ്ഞ തൊഴിലിൽ സ്ത്രീകൾ മികവു തെളിയിച്ചു