കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം മുതൽ അടിമാലി വരെ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി നിരവധി വന്മരങ്ങൾ നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം കനത്ത കാറ്റിൽ വന്മരം കടപുഴകി റോഡിനു കുറുകെ വീണിരുന്നു. സ്വകാര്യ ബസ് ജീവനക്കാരന്റെയും കാർ ഡ്രൈവറുടെയും സംയോചിതമായ ഇടപെടലിലാണ് ദുരന്തം ഒഴിവായത്.
ദേശീയപാത വികസനത്തിനായി റോഡിനിരുവശവും കാനകൾ എടുത്തപ്പോൾ വന്മരങ്ങളുടെ വേരുകൾക്കു ക്ഷതം സംഭവിച്ചതാണ് മരങ്ങൾ കടപുഴകാൻ കാരണമെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും. കഴിഞ്ഞ ദിവസം അപകടം ഉണ്ടായ സമീപത്ത് മരങ്ങൾ നിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണി തന്നെയാണ്. അധികാരികളുടെ ഇടപെടലുകൾ ഉണ്ടായില്ല എങ്കിൽ തണൽ മരങ്ങൾ കൊലയാളി മരങ്ങൾ ആകുന്ന കാലം വിദൂരമല്ല.
ജീവൻ പൊലിഞ്ഞിട്ടും നടപടിയില്ല
2015 ൽ ഓടികൊണ്ടിരുന്ന ബസിനു മുകളിൽ മരം വീണ് കറുകടം വിദ്യവികാസ് സ്കൂളിലെ അഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ പൊലിഞ്ഞത് ഇതേ സ്ഥലത്താണ്. ഈ അപകടത്തിന് ശേഷം മരങ്ങൾ മുറിച്ചു നീക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ല .