bus

കൊച്ചി: യാത്രക്കാരെ കയറ്റിയില്ലെങ്കിൽ ലഭിക്കുന്ന വരുമാനം കുറയും. സർക്കാ‌ർ നി‌ർദേശം പാലിക്കാതിരുന്നാൽ പിഴയും കേസുമാകും. കൊവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ ധർമസങ്കടത്തിലാണ് ബസുടമകളും ജീവനക്കാരും. മാനദണ്ഡങ്ങൾ പാലിച്ച് സ‌ർവീസ് നടത്താൻ ഇവ‌ർ തയ്യാറാണെങ്കിലും പകരം ടാക്സ് ഇളവും ഡീസൽ സബ്സിഡിയും അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും നിവേദനം നൽകി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബസുടമകൾ. ജില്ലയിലെ 2,000 ലധികം സ്വകാര്യ ബസുകളിൽ 10ശതമാനം ഇപ്പോൾ സർവീസ് നടത്തുന്നില്ല. ഇളവ് അനുവദിച്ചില്ലെങ്കിൽ സർവീസുകൾ പൂർണമായും അവസാനിപ്പിക്കാനാണ് തീരുമാനം.

വീണ്ടും ദുരിതം

നിലവിൽ 600 രൂപ മുതൽ 900 രൂപ വരെയാണ് ചെലവുകൾ കഴിഞ്ഞ് ഉടമയ്ക്ക് ലഭിക്കുന്ന പ്രതിദിന വരുമാനം. ലോക്ക് ഡൗൺ ഇളവിന് ശേഷം വെറും 300 രൂപയിൽ താഴെ മാത്രമായിരുന്നു ഉടമയ്ക്ക് ലഭിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതാണ് മേഖലയ്ക്ക് നേട്ടമായത്. ഡ്രൈവ‌ർക്കും കണ്ടക്ടർക്കും വേതനം വർദ്ധിപ്പിക്കുകയും ചെയ്തു. കൊവിഡ് കേസുകൾ വീണ്ടും ഉയർന്നതോടെ വരുമാനമാർഗം തന്നെ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ് ഉടമകളും ജീവനക്കാരും. പ്രതിസന്ധി രൂക്ഷമായാൽ സർക്കാറിന് പെർമിറ്റ് താൽക്കാലികമായി മരവിപ്പിക്കുന്ന ജി ഫോം നൽകി റോഡ് നികുതിയിൽ നിന്നും ഇൻഷ്വറൻസിൽ നിന്നും ഇളവ് നേടി വീണ്ടും കയറ്റിയിടാനാണ് ഉടമകളുടെ നീക്കം. ജി ഫോം നൽകിയാൽ ബസുകൾ മൂന്ന് മുതൽ ഒരു വർഷം സർവീസ് നടത്താതെയിടാം.

നട്ടെല്ലൊടിച്ച് ഇന്ധനവിലയും

കൊവിഡിനൊപ്പം ഇന്ധനവില കുതിച്ചുയർന്നത് വ്യവസായം മുന്നോട്ട് കൊണ്ടുപോകുന്നതിന് തിരിച്ചടിയായിട്ടുണ്ട്. എട്ട് മാസത്തിനിടെ പതിനെട്ട് രൂപയോളമാണ് ഡീസലിന് വില വർദ്ധിച്ചത്. യാത്രക്കാർ കൂടിയെങ്കിലും ഇന്ധനവില കത്തിക്കയറിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഉടമകൾ പറയുന്നു. ജീവനക്കാർക്ക് വരുമാനമാർഗമെന്ന നിലയിലാണ് പല ബസുകളും സർവീസ് തുടരുന്നത്. ചില ദിവസങ്ങളിൽ ഡീസൽ അടിച്ചുകഴിഞ്ഞാൽ ഉടമകൾക്ക് വരുമാനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഞായറാഴ്ച സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ അവധിയായതിനാൽ വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. അതും ഉച്ചവരെ മാത്രം. ഞായറാഴ്ചകളിൽ വൈകിട്ട് വരെ സർവീസ് നടത്തുന്നത് അപൂർവം ബസുകളാണ്. മറ്റു ദിവസങ്ങളിൽ വൈകട്ട് ഏഴുവരെ മാത്രമാണ് പല റൂട്ടുകളിലും സർവീസ്. ഏഴിന് ശേഷമുള്ള രാത്രി സർവീസ് പൂർണമായും ഉപേക്ഷിച്ചിരിക്കുകയാണ്.

ടാക്സ് ഇളവും ഡീസൽ സബ്സിഡിയും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. അനുകൂലമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ സർവീസ് വെട്ടിക്കുറച്ചും ജി.ഫോം നൽകി ബസുകൾ കയറ്റി ഇടാനുമാണ് തിരുമാനം.

എം.ബി. സത്യൻ,പ്രസിഡന്റ്

ബസ് ഓപ്പറേറ്റേഴ്സ് ഫെറേഷൻ