കൊച്ചി: കൊവിഡിന്റെ രണ്ടാംതരംഗത്തെ നേരിടാൻ സമ്മർദ്ദപ്പെട്ടിയുമായി വീണ്ടും കുടുംബശ്രീ പ്രവർത്തകർ. ലോക്ക് ഡൗൺ കാലത്ത് ആളുകൾക്ക് ആശ്വാസമായി മാറിയ ടെലികൗൺസലിംഗ് പുനരാരംഭിക്കാനാണ് ആലോചന. കൊവിഡ് രണ്ടാംവ്യാപനം അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സ്‌കൂൾ തുറക്കലുൾപ്പെടെ അനിശ്ചിതത്വത്തിലായ പശ്ചാത്തലത്തിലാണ് സമ്മർദ്ദപ്പെട്ടി വീണ്ടും തുറക്കുന്നത്. 2020 ഏപ്രിൽ 12ന് പ്രവർത്തനം ആരംഭിച്ച സമ്മർദ്ദപ്പെട്ടി മേയ് അവസാനം അടച്ചുപൂട്ടിയെങ്കിലും ടെലികൗൺസലിംഗ് ഇപ്പോഴും തുടരുന്നുണ്ട്. കൊവിഡിനെക്കുറിച്ചുള്ള ആകുലതകൾ, തൊഴിൽനഷ്‌ടം, സാമ്പത്തികപ്രതിസന്ധി, ഗാർഹിക അതിക്രമങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീയുമായി ആളുകൾ പങ്കുവച്ചു.

 വില്ലനായി മൊബൈൽ

കഴിഞ്ഞവർഷം ഇതേസമയത്ത് ഓൺലൈൻ പഠനത്തിനുള്ള മൊബൈൽഫോൺ വാങ്ങാനായി നെട്ടോട്ടമോടിയ രക്ഷിതാക്കൾക്ക് മക്കളുടെ മൊബൈൽഫോൺ ആസക്തിയാണ് ഇപ്പോഴത്തെ തലവേദന. കുട്ടികൾ ഗെയിംസിന്റെയും വെബ് സീരിസിന്റെയും അടിമകളായി, സ്വഭാവം പാടേ മാറി. മുറി അടച്ചിട്ടിരിക്കുന്നു, നിസാരകാര്യങ്ങൾക്ക് ക്ഷുഭിതരാകുന്നു. സഹോദരങ്ങളുമായി തല്ലുകൂടുന്നു. വീട്ടുസാധനങ്ങൾ നശിപ്പിക്കുന്നു... എന്നിങ്ങനെ പരാതികൾ നീളുന്നു. പഠനസമയം കഴിഞ്ഞ് മൊബൈൽഫോൺ നൽകാൻ വിസമ്മതിച്ചതിന് മക്കളുടെ ശത്രുവായി തീർന്നുവെന്ന് പരാതിപ്പെട്ട അമ്മമാരുണ്ട്.

സമർത്ഥരായ വിദ്യാർത്ഥികൾപോലും പഠനത്തിൽ പിന്നിലായി. പലർക്കും പഠനത്തോട് താത്പര്യംതന്നെ ഇല്ലാതായി. അലസരും മൗനികളുമായി. ജീവിതത്തോടുതന്നെ വിരക്തിയായി. അടുത്ത അദ്ധ്യയനവർഷം കൂടി ഓൺലൈൻ പഠനം തുടരേണ്ട സാഹചര്യമുണ്ടായാൽ കുട്ടികളുടെ മാനസികനിലതന്നെ താളംതെറ്റുമെന്ന ഭീതിയിലാണ് രക്ഷിതാക്കൾ.

 പഠനത്തിന്റെ താളംതെറ്റി

കണക്കിന്റെയും ഭാഷയുടെയും അടിസ്ഥാനപാഠങ്ങൾ ഹൃദിസ്ഥമാക്കാൻ മക്കൾക്ക് കഴിയുന്നില്ലെന്ന് പ്രൈമറി ക്ളാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വ്യാകുലപ്പെടുമ്പോൾ നഴ്സറി പ്രായക്കാരായ കുട്ടികളുടെ വിദ്യാഭ്യാസഭാവി എന്താകുമെന്ന ആശങ്കയിലാണ് അമ്മമാർ.

 ഒരു നിശ്ചയവുമില്ല

ഒന്നിനും

അടുക്കും ചിട്ടയുമുള്ള മനുഷ്യരായി മക്കളെ മാറ്റാൻ എന്തെങ്കിലും വഴികളുണ്ടോയെന്ന ചോദ്യവുമായി ധാരാളം ഫോൺകോളുകൾ ലഭിക്കാറുണ്ടെന്ന് ഹെൽപ്പ്ഡെസ്ക് പ്രവർത്തകർ പറഞ്ഞു. സ്കൂളിലും കോളേജിലേക്കുമുള്ള പോക്ക് നിന്നതോടെ കുട്ടികളുടെ ഉറക്കത്തിന്റെയും ഭക്ഷണക്രമത്തിന്റെയും താളം തെറ്റി. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്നം.

 മാനസിക സംഘർഷങ്ങൾ

പങ്കുവയ്ക്കാം

കൊവിഡിന്റെ തുടക്കത്തിലുണ്ടായ അതേ സാഹചര്യം വീണ്ടും രൂപപ്പെടുന്ന ഘട്ടത്തിലാണ് ഇന്നുമുതൽ സമ്മർദ്ദപ്പെട്ടി തുറക്കാൻ കുടുംബശ്രീ തീരുമാനിച്ചത്. ഫോൺ: 8594034255, 180042555678

കൊവിഡ് കേസുകൾ കുറയുകയും വാക്സിനേഷൻ തുടങ്ങുകയും ചെയ്തതിനാൽ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് കൊവിഡിന്റെ രണ്ടാംവരവ്.