pazham

 കയറ്റുമതി 'തളിർ" ബ്രാൻഡിൽ

കൊച്ചി: കപ്പലേറി ലണ്ടനിലെത്തി രുചിമധുരം പകർന്ന കേരളത്തിന്റെ നേന്ത്രക്കായയ്ക്ക് യൂറോപ്യൻ വിപണിയിൽ ആവശ്യക്കാരേറുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ലണ്ടനിലേക്ക് നടത്തിയ കയറ്രുമതി വിജയിച്ചതിന് പിന്നാലെ കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ കേരള നേന്ത്രനായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളത്തെ (വി.എഫ്.പി.സി.കെ) സമീപിച്ചു. ഗുണമേന്മയും വിലക്കുറവുമാണ് കേരള നേന്ത്രനെ താരമാക്കിയത്. യൂറോപ്പിന് പുറമേ അറബ് രാജ്യങ്ങളിൽ നിന്നും ഓർഡറുകളുണ്ട്. 'തളിർ" എന്ന ബ്രാൻഡിലാണ് കയറ്റുമതി. കുവൈറ്റിലേക്കുള്ള 7.5 മെട്രിക്ക് ടൺ പഴവുമായുള്ള കപ്പൽ അടുത്തദിവസം കൊച്ചിയിൽ നിന്ന് പുറപ്പെടും.

10,000 കർഷകർ

യൂറോപ്യൻ വിപണിയിൽ ഇപ്പോൾ വി.എഫ്.പി.സി.കെ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. തൃശൂർ, വയനാട്, തിരുവനന്തപുരം ജില്ലകളിൽ കർഷകരെ പരിശീലനം നൽകി ഏകോപിച്ച് കൃഷി നടത്തുന്നു. മൂപ്പെത്തുമ്പോൾ കർഷകർ വിളവെടുത്ത് ഗുണമേന്മയോടെ പായ്ക്കുചെയ്‌ത് വി.എഫ്.പി.സി.കെയ്ക്ക് കൈമാറും. ഇതാണ് കയറ്റുമതി ചെയ്യുന്നത്.

10,000 കർഷകരാണ് പദ്ധതിയിൽ നേരിട്ട് ഭാഗമാകുന്നത്. സ്വകാര്യ കമ്പനികൾ വിദേശത്തേക്ക് കേരളത്തിൽനിന്ന് വാഴപ്പഴം ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ നേരിട്ട് പദ്ധതി നടപ്പാക്കുന്നത്.

കർഷകർക്ക് പ്രതീക്ഷ

ഗുണനിലവാരമില്ലെങ്കിലും ആഫ്രിക്കയിൽ നിന്ന് കുറഞ്ഞവിലയുള്ള വാഴപ്പഴങ്ങൾ യൂറോപ്പിലേക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള കേരളപ്പഴത്തിന് വിപണിയിലെ സ്വീകാര്യത നിലനിറുത്തണമെങ്കിൽ വിലയും ആകർഷകമാകണം. ഇതു കണക്കിലെടുത്താണ്, ചെലവ് കൂടിയ വ്യോമമാർ‌ഗം ഒഴിവാക്കി ചെലവ് കുറഞ്ഞ കടൽമാർഗമുള്ള കയറ്റുമതി. യൂറോപ്യൻ വിപണി സജീവമായാൽ കേരളത്തിലെ കർഷകർക്ക് 20 ശതമാനം വരെ ലാഭം നേടാനാകും. യു.എ.ഇയിലേക്ക് കപ്പലിൽ നേന്ത്രക്കായ അയച്ചത് വൻ വിജയമായിരുന്നു.

കയറ്റുമതി രീതി

 85 ശതമാനം മൂപ്പെത്തിയ കുലകൾ തോട്ടത്തിൽ നിന്ന് തന്നെ പടലതിരിച്ച് പായ്ക്ക് ചെയ്യുന്ന കേന്ദ്രത്തിൽ എത്തിക്കും

 പടലകൾ കഴുകി ഈർപ്പം മാറ്റി വാക്വം പായ്ക്കറ്റിൽ കാർട്ടൻ ബോക്‌സിലാക്കി കയറ്റുമതി ചെയ്യും

 ഇവ കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നത് മൈനസ് 13 ഡിഗ്രി താപനിലയിൽ

 വിദേശത്ത് റൈപ്പനിംഗ് പ്രക്രിയയിലൂടെ പഴുപ്പിച്ചെടുത്താണ് സൂപ്പർ മാർക്കറ്രുകളിലൂടെ വിൽക്കുന്നത്.

 പഴത്തിൽ പതിച്ച ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താൽ കർഷകന്റെ പേരും കൃഷിരീതികളും അറിയാം.

 കർഷകന്റെ ഫോൺ നമ്പറും ഇ-മെയിൽ ഐ.ഡിയും ഇതോടൊപ്പമുണ്ട്

 ട്രേസബിലിറ്റി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്

''യൂറോപ്പിൽ നിന്ന് കൂടുതൽ ഓർഡറുകളുണ്ട്. യൂറോപ്യൻ വിപണി കീഴടക്കിയാൽ കേരളത്തിലെ കർഷകർക്ക് അത് വലിയ നേട്ടമാകും""

ഹാഷിം,

പ്രോജക്ട് ഡറയറക്ടർ,

വി.എഫ്.പി.സി.കെ