fine

കോലഞ്ചേരി: കൊവിഡിന്റെ മറവിൽ 'പെറ്റിയുടെ' പീഡനം. സാധരണക്കാരന്റെ പോക്കറ്റിൽ കൈയിട്ടുവാരി കേരള പൊലീസ്. കൊവിഡ് വ്യാപനം വീണ്ടും ശക്തമായിരിക്കെയാണ് കൈയിൽ നയാപൈസ പോലുമില്ലാതെ വിഷമിക്കുന്നവരെ പൊലീസ് പെറ്റിയടിച്ചു പിഴിയുന്നത്. പ്രതിദിനം 100 പെരെ പിടികൂടി പിഴയോ കേസോ എടുക്കാനാണ് ഓരോ സ്റ്റേഷനുകളിലും നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഒപ്പം ആയിരം പേരെ ബോധവത്ക്കരിക്കുകയും വേണം. വെറുതെ ബോധവത്കരിച്ചാൽ പോരാ ഇവരുടെ മേൽവിലാസം കൃത്യമായി മേലാളരെ അറിയിക്കുകയും വേണം. ഇതോട‌െ ആദ്യം പിടികൂടുന്ന നൂറു പേരിൽ നിന്നും ഉപദേശത്തിനൊന്നും നിൽക്കാതെ പിഴ വാങ്ങി ടാർജറ്റ് തികക്കുകയാണ് ഉദ്യോഗസ്ഥർ. നൂറു കഴിഞ്ഞാൽ പിന്നെ ഉപദേശമാകും. ഇതോടെ നിസാര കാര്യങ്ങൾക്കു വരെ പെറ്റിയടിക്കുന്നതിനെ ജനങ്ങൾ പ്രതിരോധിച്ചു തുടങ്ങിയതോടെ നടുറോഡിൽ വാക്കേറ്റവും പതിവായി. ഇതു കൂടാതെ ഓരോ സ്റ്റേഷനതിർത്തികളിലും ചെക്കിംഗും തുടങ്ങിയിട്ടുണ്ട്. സ്റ്റേഷനിലെ എസ്.ഐ അടക്കം മൂന്നംഗ സംഘത്തിനാണ് പരിശോധനയുടെ ചുമതല. ഇത്തരത്തിൽ ഒമ്പതു സംഘങ്ങൾ വരെ സൃഷ്ടിക്കാനാണ് നിർദ്ദേശം. പ്രിൻസിപ്പൽ എസ്.ഐയും, സി.ഐയും, കൺട്രോൾ റൂം വെഹിക്കിളും പെറ്റി പിടിക്കാൻ ഇറങ്ങുന്നതിനു പുറമെയാണിത്. ടാർജറ്റ് പെറ്റിയടിക്കൽ ലോക്കൽ പൊലീസിൽ വ്യാപകമായ അതൃപ്തിക്കും കാരണമായിട്ടുണ്ട്.