moosa
മൂസ

ആലുവ: മസ്തിഷ്‌ക മരണം സംഭവിച്ചെന്നും വെന്റിലേറ്റർ നീക്കിയാൽ ഒരു മണിക്കൂറിനകം മരണം സംഭവിക്കുമെന്നും അറിയിച്ചതിനെ തുടർന്ന് സ്വന്തം വീട്ടിലാകട്ടെ അന്ത്യശ്വാസം എന്ന് നിശ്ചയിച്ച് ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് മടക്കിയ വൃദ്ധന് പുനർജന്മം. വീട്ടിലേക്കുള്ള വഴി കണ്ണു തുറന്ന് സ്വയം ശ്വസിച്ചതിനെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആലുവ കൊടികുത്തുമല ആയത്ത് മൂസ (72) ഏതാനും ദിവസത്തെ ചികിത്സകൊണ്ട് പ്രാഥമിക കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലാത്ത അവസ്ഥയിലെത്തി.

ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മൂസയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ബൈപ്പാസ് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. ഈ മാസം എട്ടിന് ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് മൂസയെ ആലുവ നജാത്ത് ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദയാഘാത സാദ്ധ്യതയാണെന്ന സംശയത്തെ തുടർന്ന് എറണാകുളത്ത് നേരത്തെ ചികിത്സിച്ച ആശുപത്രിയിലേക്ക് അയച്ചു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാക്കി. മൂസയ്‌ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നും വെന്റിലേറ്റർ നീക്കിയാൽ ഒരു മണിക്കൂറിനകം മരണം ഉറപ്പാണെന്നും രാത്രി തന്നെ ഡോക്ടർമാർ അറിയിച്ചു.

നിർദ്ധന കുടുംബമായതിനാൽ വീട്ടിൽ കിടന്ന് അന്ത്യശ്വാസം വലിക്കാൻ സൗകര്യമൊരുക്കാമെന്ന് ബന്ധുക്കൾ തീരുമാനിച്ചതിനെ തുടർന്ന് പിറ്റേന്ന് വെള്ളിയാഴ്ച്ച വൈകിട്ട് നാല് മണിയോടെ മൂസയുമായി ഓക്‌സിജൻ സൗകര്യമുള്ള ആംബുലൻസിൽ വീട്ടിലേക്ക് തിരിച്ചു. ആംബുലൻസ് പാലാരിവട്ടത്ത് എത്തിയപ്പോഴേക്കും മൂസ കണ്ണുകൾ നന്നായി തുറക്കുകയും ഓക്‌സിജൻ നന്നായി ശ്വസിക്കുകയും ചെയ്തു. ഇതോടെ ആംബുലൻസ് ആലുവ നജാത്ത് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.

നജാത്ത് ആശുപത്രിയിലെ പരിശോധനയിൽ മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് ബോദ്ധ്യമായി. തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ മൂസ 16ന് വൈകിട്ട് ആശുപത്രി വിട്ട് വീട്ടിലെത്തി. ഇപ്പോൾ തനിയെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന ആരോഗ്യ സ്ഥിതിയുണ്ട്.

എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ 50,000 രൂപ ചികിത്സയ്ക്ക് ചെലവായിരുന്നു. ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.