gopakumar

കൊച്ചി: പന്തളം രാജകുടുംബാംഗമാണെന്ന് വിശ്വസിപ്പിച്ച് 2.6 കോടി രൂപയുടെ സോഫ്റ്റ്‌വെയർ സോഴ്‌സ്കോഡ് തട്ടിയെടുത്ത കേസിൽ പത്തനംതിട്ട വള്ളിക്കോട് സ്വദേശി തേവർ അയത്ത് വീട്ടിൽ സന്തോഷ് കരുണാകരൻ (43), കൂട്ടാളി എറണാകുളം എരൂർ വൈഷ്ണവം വീട്ടിൽ ജി. ഗോപകുമാർ (51) എന്നിവർ അറസ്റ്രിലായി.

കടവന്ത്ര കർഷക റോഡിൽ പ്രവർത്തിക്കുന്ന ഒായെസ് ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയിലാണ് അറസ്റ്ര്. 15,000 രൂപ മാത്രം അഡ്വാൻസ് നൽകി സോഫ്റ്റ്‌വെയർ സോഴ്‌സ്കോഡ് കൈവശപ്പെടുത്തുകയും സ്ഥാപനത്തിലെ ജീവനക്കാരെ കോയമ്പത്തൂരിലെ വെസ്റ്റ് ലൈൻ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യിച്ച് മാസങ്ങളോളം ശമ്പളം നൽകാതെ കബളിപ്പിക്കുയും ചെയ്തെന്നാണ് കേസ്. തട്ടിപ്പിനു വേണ്ടി സന്തോഷ് ഉണ്ടാക്കിയ ഈ സ്ഥാപനത്തിന്റെ പാർട്ണറാണ് ഗോപകുമാർ.

പൊലീസ് പറയുന്നത് : ബി.ടെക് ബിരുദധാരിയാണ് സന്തോഷ്. പന്തളം രാജകുടുംബാംഗമാണെന്ന് പരിചയപ്പെടുത്തിയ പ്രതി നീലഗിരിയിൽ 2,500 ഏക്കർ കൃഷിഭൂമിയുണ്ടെന്നും അവിടെ ഡിജിറ്രൽ കൃഷി ചെയ്യാൻ സോഫ്റ്ര്‌വെയർ സഹായം വേണമെന്നും പറഞ്ഞ് പരാതിക്കാരനെ സമീപിച്ചു. യു.എസ് ആർമിക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ആളാണെന്നും കോയമ്പത്തൂർ, കന്യാകുമാരി എന്നിവിടങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. തനിക്കും കമ്പനിയിലെ മറ്റ് ജീവനക്കാ‌ർക്കും ഡിജിറ്രൽ കൃഷിയുടെ ഭാഗമായി ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച പരാതിക്കാരൻ 2.6 കോടി രൂപയ്ക്ക് സോഫ്റ്റ് കോഡ് കൈമാറാൻ ധാരണയിലെത്തി. 15,000 രൂപ മുൻകൂർ നൽകി സോഴ്സ്കോഡ് കൈക്കലാക്കിയ സന്തോഷ് പരാതിക്കാരനും ജീവനക്കാർക്കും കോയമ്പത്തൂരിലെ കമ്പനിയിൽ ജോലി നൽകി. എന്നാൽ ആ‌ർക്കും ശമ്പളമോ മറ്റാനുകൂല്യങ്ങളോ നൽകിയില്ല. സോഴ്സ്കോഡിന്റെ പണം ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയതോടെ കടവന്ത്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുവൈറ്റിൽ ജോലി ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ഒറീസ ഭുവനേശ്വർ സ്വദേശി അജിത് മഹാപത്രയെ കബളിപ്പിച്ച് ആറ് കോടി തട്ടിയെടുത്ത കേസിൽ ഹൈക്കോടതി

ഉത്തരവ് പ്രകാരം കീഴടങ്ങാൻ വരുമ്പോഴാണ് പ്രതികൾ പൊലീസ് പിടിയിലായത്. സമാനമായി മറ്റിടങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബിജി ജോർജിന്റെ നേതൃത്വത്തിൽ ഇൻഫോപാർക്ക് ഇൻസ്‌പെക്ടർ ക്ലീറ്റസ്, കടവന്ത്ര ഇൻസ്‌പെക്ടർ പ്രജീഷ്, ക്രൈം ബ്രാഞ്ച് എസ്.ഐ സത്യജിത്ത്, എസ്.ഐ. അഗസ്റ്റിൻ എന്നിവരടങ്ങിയ ടീമാണ് കേസ് അന്വേഷിക്കുന്നത്.