s-suhas

ആലുവ: ജില്ലയിൽ 2000ൽ ലധികം പേർക്ക് ദിവസേന കൊവിഡ് രോഗം കണ്ടെത്താൻ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ആലുവ ജില്ലാശുപത്രിയിലെ പുതിയ കൊവിഡ് ചികിത്സാ ബ്ലോക്ക് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16000 ത്തോളം പേരെയാണ് ജില്ലയിൽ പ്രതിദിനം പരിശോധിക്കുന്നത്.

ഇന്നലെ നടത്തിയ പരിശോധനയിൽ 2000ൽ ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. ആവശ്യമെങ്കിൽ ജില്ലയിൽ കൂട്ട പരിശോധന തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വാക്‌സിൻ കുത്തിവയ്പ്പിനുള്ള കോവി ഷീൽഡ് സ്റ്റോക്കുണ്ട്. അടുത്ത ദിവസം കൂടുതൽ വാക്‌സിൻ എത്തുന്നതോടെ എല്ലാ കേന്ദ്രങ്ങളിലും എല്ലായിടത്തുമെത്തിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. അതുവരെ മാസ് വാക്‌സിൻ ക്യാമ്പുകൾ നിർത്തിവയ്ക്കുമെന്നും ഫോൺ വിളിച്ചു ചോദിച്ച് വാക്‌സിൻ ലഭ്യത ഉറപ്പാക്കിയ ശേഷം മാത്രമേ ക്യാമ്പിൽ എത്താവൂവെന്നും കളക്ടർ അറിയിച്ചു. ആലുവ കൊവിഡ് ബ്ലോക്കിൽ കൂടുതൽ രോഗികൾക്ക് പ്രവേശനം നൽകും. ഇതു വരെ അഞ്ച് പേർക്കാണ് ചികിത്സ നൽകുന്നത്. വെന്റിലേറ്റർ സൗകര്യവും തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, ഉപദേശക സമിതി അംഗങ്ങളായ തോപ്പിൽ അബു, ഡൊമിനിക്ക് കാവുങ്കൽ എന്നിവർ പങ്കെടുത്തു.

കൊവിഡ് ബ്ലോക്ക്

കൊവിഡ് പോസിറ്റീവായ ഗർഭിണികൾക്ക് പ്രസവത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .പ്രസവ പ്രസവാനന്തര ചികിത്സയ്ക്കായി 60 ബെഡ് പുതിയ ബ്ലോക്കിലെ ഒന്നാം നിലയിൽ സജ്ജമാക്കി.ശീതീകരണ സംവിധാനത്തോടെ എട്ട് ബെഡുകൾ ഇടാവുന്ന അഞ്ചു മുറികളാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. ഇതുകൂടാതെ ഒരു മേജർ ഓപ്പറേഷൻ തീയറ്ററും മൈനർ ഓപ്പറേഷൻ തീയറ്ററും ഉണ്ട്. കൊവിഡ് പോസിറ്റീവാകുന്ന വൃക്ക രോഗികളുടെ ചികിത്സയ്ക്കായി രണ്ട് ഡയാലിസിസ് മെഷീൻ ഒരുക്കിയിട്ടുണ്ട്.ആലുവ ജില്ലാആശുപത്രിയിലെ കുട്ടികളുടേയും സ്ത്രീകളുടേയും വാർഡാണ് കൊവിഡ് ബ്ലോക്കായി മാറ്റിയത്.