കൊച്ചി: കൊവിഡിനെത്തുടർന്ന് തകർന്ന ടൂറിസം മേഖലയുടെ സംരക്ഷണത്തിന് സഹായകരമായ നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അറബ് ടൂർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (ആറ്റോ) ഭാരവാഹികൾ ആവശ്യപ്പെട്ടു.

ടൂറിസം സംരംഭകരും ഹൗസ് ബോട്ട് ഉടമകളും തൊഴിലാളികളും ടൂറിസ്റ്റ് ടാക്‌സി പാക്കേജ് ഡ്രൈവർമാരും ഹോട്ടൽ ജീവനക്കാർ ഉൾപ്പെടെ മേഖലയുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികൾ ദുരിതത്തിലാണ്. അഭ്യന്തര ടൂറിസ്റ്റുകൾ ഉൾപ്പെടെ കേരളത്തെ ഒഴിവാക്കുന്ന സ്ഥിതിയാണിപ്പോൾ. കൊവിഡ് നിയന്ത്രണങ്ങൾക്കൊപ്പം ടൂറിസ്റ്റ് സൗഹൃദനടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. സാമ്പത്തിക ആശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചും ടാക്‌സ് ഇളവുകൾ നൽകിയും കൂടുതൽ അനുകൂല നിലപാടുകൾ കൈക്കൊള്ളണം. ആവശ്യങ്ങൾ ഉന്നയിച്ച് സമരപരിപാടികൾ നടത്തും. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ സെക്രട്ടറി സക്കീർ ഹുസൈൻ, പ്രസിഡന്റ് ഷംസുദീൻ, നാസർ വെളിയങ്കോട്, അനീസ് അഹമ്മദ് എന്നിവർ പങ്കെടുത്തു.