1
പി.ടി തോമസ് എം.എൽ. എ വിളിച്ചുചേർത്ത യോഗത്തിൽ കൗൺസിലർമാർ ബഹളം വയ്ക്കുന്നു

തൃക്കാക്കര: തൃക്കാക്കരയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ പി.ടി. തോമസ് എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ ബഹളംവച്ചു. കടമ്പ്രയാർ പുഴസംരക്ഷണസമിതി രൂപീകരണത്തിന്റെ ഭാഗമായി കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു യോഗം.
തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കളമശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിനിടെയാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ തൃക്കാക്കരയിലെ എൽ.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തിയത്.

ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള തൃക്കാക്കരയിൽ ഭരണസമിതിയും എം.എൽ.എയും തിരിഞ്ഞുനോക്കുന്നില്ലെന്നായിരുന്നു ആക്ഷേപം. യോഗം അലങ്കോലപ്പെടുത്തുന്നത് കടമ്പ്രയാർ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നവരെ സഹായിക്കാനാണെന്ന് പി.ടി തോമസ് എം.എൽ.എ ആരോപിച്ചു. പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൗൺസിലർമാർ വേദിയിലേക്ക് ഇരച്ചുകയറി മുദ്രാവാക്യം വിളിച്ചു. വേദിയിലുണ്ടായിരുന്ന സി.പി.എം നേതാക്കളായ കെ.എ. നജീബ്, ടി.എ സുഗതൻ എന്നിവരും രംഗത്തെത്തുകയായിരുന്നു.
നഗരസഭാ പ്രദേശത്തെ ജനങ്ങൾ കൊവിഡ് ഭീഷണിമൂലം നട്ടം തിരിയുമ്പോൾ കടമ്പ്രയാർ പുഴ സംരക്ഷണമെന്ന പേരിൽ വിളിച്ച യോഗം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൗൺസിലർ എം.ജെ. ഡിക്‌സൺ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെ യോഗം തുടരുകയായിരുന്നു.

തൃക്കാക്കരയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടുന്നതായി ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ രാവിലെ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എൽ.ഡി.എഫ് കൗൺസിലർമാരായ ചന്ദ്രബാബു, എം.ജെ. ഡിക്‌സൺ, ഉഷ പ്രവീൺ, റസിയ നിഷാദ്, കെ.എക്‌സ്. സൈമൺ, അഡ്വ. ലിയാ തങ്കച്ചൻ, കെ.എൻ. ജയകുമാരി, സൽമ ഷിഹാബ്,സുബൈദ റസാക്ക്, സ്വതന്ത്ര കൗൺസിലർ പി.സി. മനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.