court

കൊച്ചി: യുവാക്കളും വിദ്യാർത്ഥികളുമുൾപ്പെടെയുള്ളവർ ലഹരി മരുന്ന് ഉപയോഗിക്കുന്നതു തടയാനുള്ള നടപടികളും ബോധവത്കരണവും സർക്കാർ തുടരണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് ഇക്കാര്യം പറഞ്ഞത്. ലഹരിമരുന്നുകളുടെ ഉപയോഗം സംസ്ഥാനത്തു കൂടി വരികയാണെന്നും തടയാനുള്ള നടപടികൾ ഫലപ്രദമല്ലെന്നുമാരോപിച്ച് ആലപ്പുഴ തൃച്ചേറ്റുകുളം സ്വദേശി രാജേഷ് നൽകിയ ഹർജിയിലാണിത്. ഹർജിയിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചു. 100 ഗ്രാം കഞ്ചാവ് കൈവശം വച്ചാലും ശിക്ഷ കിട്ടുമായിരുന്ന നിയമവ്യവസ്ഥയിൽ മാറ്റം വരുത്തിയതിനെയും ഹർജിക്കാരൻ ചോദ്യം ചെയ്തിരുന്നു. ചെറിയ അളവിൽ ലഹരി മരുന്ന് കൈവശം വച്ചതിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനെതിരെ കോടതികളുടെ വിമർശനമുണ്ടായതോടെയാണ് ഭേദഗതി വരുത്തിയതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു. തുടർന്നാണ് ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.