ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് എട്ടുവയസുകാരൻ
കട്ടപ്പന: ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പേരുകൾ പെട്ടെന്നു ഓർത്തെടുത്ത് പലർക്കും പറയാൻ പ്രയാസമാണ്. എന്നാൽ 195 രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെയും അവയുടെ കറൻസികളുടെയും പേരുകൾ പറയുന്നത് കട്ടപ്പന വെള്ളയാംകുടി സ്വദേശി വിശ്വജിത്തിന് നിസാരമാണ്. ഇപ്പോൾ 5 മിനിറ്റുകൊണ്ട് രാജ്യതലസ്ഥാനങ്ങളുടെയും കറൻസികളുടെയും പേരുകൾ കാണാതെ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ എട്ടുവയസുകാരൻ. ലോകത്തിലെ ഏത് രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും ഈ മിടുക്കന് മനപ്പാഠമാണ്. വെള്ളയാംകുടി ഓലിക്കൽ വിപിൻ രാജൻ-രജിത ദമ്പതികളുടെ മകനായ വിശ്വജിത് അങ്കമാലി പാറ്റ്റിക്സ് അക്കാദമിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ലോക്ഡൗൺ കാലത്ത് നോളഡ്ജ് വേൾഡ് വിശ്വജിത് എന്ന യൂട്യൂബ് ചാനൽ തുടങ്ങി രാജ്യങ്ങളുടെ തലസ്ഥാനങ്ങളെയും കറൻസികളെയും കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ അവതരിപ്പിച്ചിരുന്നു. ലോക രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും കറൻസികളും മനപ്പാഠമാക്കിയതോടെ 5 മിനിറ്റുകൊണ്ട് പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിന് അയച്ചുകൊടുക്കുകയായിരുന്നു. ഇവരുടെ ചാനൽ ദൃശ്യങ്ങൾ പരിശോധിച്ച് വിശ്വജിത്തിന്റെ കഴിവ് അംഗീകരിച്ചതോടെ റെക്കോർഡ്സിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. വിശ്വജിത്തിന്റെ കഴിവുകൾ ഇപ്പോൾ ഏഷ്യൻ ബുക്ക് ഓഫ് റിക്കോർഡ്സിന്റെയും പരിഗണനയിലാണ്. അച്ഛൻ വിപിൻ രാജൻ കൊച്ചി വിമാനത്താവളത്തിലെ സൂപ്പർവൈസറും അമ്മ രജിത കാലടി ആദിശങ്കര ഇൻസ്റ്റിറ്റിറ്റൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ്.