കൊച്ചി: മലയാള സിനിമയുടെ പിതാവ് ഡോ.ജെ.സി.ഡാനിയേലിന്റെ 46-ാം ചരമ വാർഷികദിനത്തോട് അനുബന്ധിച്ച് ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 27ന് കോഴിക്കോട് ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനവും അവാർഡ് നിശയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എം.ടി. വാസുദേവൻ നായർ മുഖ്യാതിഥിയാകും. ജെ.സി. ഡാനിയേൽ രാജരത്‌ന അവാർഡ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും.
വിവിധ മേഖലകളിൽ നിന്നു സുധീഷ്, മാമുക്കോയ, ഷൈൻ ടോം ചാക്കോ, പ്രഭാവർമ്മ, ആർ.എൽ.വി രാമകൃഷ്ണൻ, താജുദീൻ വടകര, പി. ദാമോദരൻ, രവീന്ദ്രൻ ചെറുവത്തൂർ, കലാദേവി, ഹരിദാസ്, മുഹമ്മദ് അഫ്‌സൽ, ജയശ്രീ ജയരാജ്, ഫ്രാൻസിസ്, ഹരി ശില്പി, മൽഹാർ, ദീപക് ധർമ്മടം എന്നിവർക്കാണ് അവാർഡുകൾ. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അനീഷ് കോട്ടയം, അഡ്മിനിസ്‌ട്രേറ്റർ സോന എസ്. നായർ, സനീഷ്. എൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.